തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ; ഉദ്യോഗാർഥികൾക്ക് നീതി കിട്ടിയാൽ മതിയെന്ന് ഉമ്മൻചാണ്ടി
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തന്നെ എന്തു വേണമെങ്കിലും പിണറായി പറഞ്ഞോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാരാണ്. പകരം റാങ്ക് പട്ടിക നിലവിൽ വരാതെ ഒറ്റ പി.എസ്.സി റാങ്ക് പട്ടികയും യു.ഡി.എഫ് സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
പി.എസ്.സിയുടെ ഒരു റാങ്ക്പട്ടികയുടെ കാലാവധി പരമാവധി മൂന്നു വർഷമാണ്. പുതിയ പട്ടിക വന്നിട്ടില്ലെങ്കിൽ ഒന്നര വർഷം കൂടി കാലാവധി നീട്ടാൻ സർക്കാറിന് സാധിക്കും. ഇത്തരത്തിൽ എല്ലാ റാങ്ക് പട്ടികകളും തന്‍റെ ഭരണകാലത്ത് നീട്ടിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ കടന്നുകൂടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരാളുടെ ജീവിതത്തിൽ ഒന്നോ രണ്ടോ തവണമാത്രമാകും അത്തരത്തിൽ അവസരം ലഭിക്കുക. ജോലി കിട്ടാതെ വന്നാൽ ഉദ്യോഗാർഥികൾക്ക് എല്ലാം നഷ്ടപ്പെടും. ഇപ്പോൾ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് സി.പി.എമ്മിന്‍റെ വിദ്യാർഥി സംഘടനാ നേതാക്കളായിരുന്നു.
ഒരു ലക്ഷം പേർ എഴുതിയ പരീക്ഷയിൽ പഠിക്കാൻ സമർഥരല്ലാത്ത ഈ നേതാക്കൾക്കാണ് ആദ്യ രണ്ട് റാങ്കുകൾ കിട്ടിയത്. സംഭവം വിവാദമായതോടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. പിണറായിയുടെ പൊലീസിന്‍റെ നിരീക്ഷണത്തിൽ വീണ്ടും പരീക്ഷ നടത്തിയപ്പോൾ ഈ നേതാക്കൾക്ക് പൂജ്യം മാർക്കാണ് ലഭിച്ചത്. പി.എസ്.സി അവരെ അയോഗ്യരാക്കി.
'ഞങ്ങളുടെ മൂന്നു പേരുെട ഭാവി കളഞ്ഞില്ലേ, അതു കൊണ്ട് നിങ്ങളുടെ ഭാവിയും തുലയട്ടെ' എന്നാണ് അയോഗ്യരാക്കപ്പെട്ടവർ അന്ന് മറ്റ് ഉദ്യോഗാർഥികളോട് പറഞ്ഞത്. ഇതാണ് സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ തന്നോട് കരഞ്ഞു പറഞ്ഞത്. അത് കേട്ട് താൻ സ്തംഭിച്ചു പോയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തട്ടിപ്പ് പുറത്തായതോടെ റാങ്ക് പട്ടിക ആറു മാസം മരവിപ്പിച്ചു. കിട്ടേണ്ട നീതി കിട്ടിയില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഉദ്യോഗാർഥികളോട് സംസാരിക്കാതെ മുഖ്യമന്ത്രിക്ക് ഇത് എങ്ങനെ മനസിലാകും. സമരം ചെയ്യുന്ന ഉദ്യോഗാർഥികളോട് മുഖ്യമന്ത്രി സംസാരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പറഞ്ഞതിനേക്കാളും വലിയ ആക്ഷേപങ്ങൾ താൻ കേട്ടിട്ടുണ്ട്. തനിക്ക് നേരെ കല്ലെറിഞ്ഞു. എന്നാൽ, രാഷ്ട്രീയമായി എതിർക്കാനോ പ്രതിഷേധിക്കാനോ പോയിട്ടില്ല. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി സംസാരിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി തന്നെ കുറിച്ച് ഇത്തരത്തിൽ പറയുമായിരുന്നില്ല. യുവാക്കളുടെ ആവശ്യം എന്തെന്ന് മനസിലാക്കാതെയാണ് ഈ പരാമർശം അദ്ദേഹം നടത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടതെന്നാണ് ഉമ്മൻ ചാണ്ടിയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് നടയില്‍ ഒരു കാലുപിടിപ്പിക്കല്‍ രംഗം കണ്ടു. യഥാർഥത്തില്‍ ആ പിടിപ്പിച്ച ആളാണ് ഉദ്യോഗാർഥികളുടെ കാലില്‍ വീഴേണ്ടത്. എന്നിട്ടു പറയണം; എല്ലാ കഷ്ടത്തിനും കാരണം താന്‍ തന്നെയാണ്, മാപ്പ് നല്‍കണമെന്ന്. മുട്ടില്‍ ഇഴയേണ്ടതും മറ്റാരുമല്ലെന്നും വാർത്തസമ്മേളനത്തിൽ പിണറായി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.