സി.പി.എം-ബി.ജെ.പി ഡീല്‍ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലെന്ന് ഉമ്മന്‍ ചാണ്ടി
text_fieldsകോട്ടയം: സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍.എസ്.എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ കേട്ട് ജനാധിപത്യ, മതേതര കേരളം വിറങ്ങലിച്ചു പോയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആര്‍.എസ്.എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്‍റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നുവെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
സി.പി.എമ്മിന് തുടര്‍ ഭരണവും ബി.ജെ.പിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍. എന്നാല്‍, ഇരുവരുടെയും ദീര്‍ഘകാല ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ, മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജന്‍ഡ.
ബി.ജെ.പി- സി.പി.എം അജന്‍ഡ നേരത്തെ ഭാഗികമായി പുറത്തു വന്നിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസാണു തോൽക്കേണ്ടതെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹം പറഞ്ഞത്.
സി.പി.എം പ്രവര്‍ത്തകര്‍ സംഘപരിവാറുമായി ചേര്‍ന്ന് മുസ് ലിം- ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആര്‍.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസ് കേസരി വാരികയില്‍ എഴുതിയത്. സി.പി.എമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ഭൂതകാലത്തിന്‍റെ തടവറ ഭേദിച്ചു കൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സി.പി.എം- ബി.ജെ.പി ബന്ധത്തിന്‍റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. കൂടുതല്‍ ബന്ധങ്ങള്‍ ഇനിയും മറനീക്കി പുറത്തുവരുമെന്ന് ഉമ്മന്‍ ചാണ്ടി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.