കോൺഗ്രസിനെ ഉമ്മൻ ചാണ്ടി നയിക്കണം; ജനപക്ഷം യു.ഡി.എഫിനെ ശക്തിപ്പെടുത്തും -പി.സി. ജോർജ്
text_fieldsകോട്ടയം: കോൺഗ്രസിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ മുന്നിൽനിന്ന് നയിക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ. യു.ഡി.എഫിന് കേരളം കിട്ടണമെങ്കിൽ ഉമ്മൻ ചാണ്ടി മുൻനിരയിലുണ്ടാവണം. രമേശ് ചെന്നിത്തല ശക്തനായ പ്രതിപക്ഷ നേതാവാണെങ്കിലും തെരഞ്ഞെടുപ്പ് യുദ്ധം നയിക്കേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം പ്രസ്ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
മുന്നണി പ്രവേശനം സംബന്ധിച്ച് 11ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ തീരുമാനമുണ്ടാകും. ദുർബലമായ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ജനപക്ഷം മുന്നണിയിലേക്ക് പോകുന്നത്. യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി. ഇതിനായി ജനപക്ഷം സംസ്ഥാന കമ്മിറ്റി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പ്രാദേശികമായ എതിർപ്പുകൾ പറഞ്ഞുതീർക്കാവുന്നതേയുള്ളൂ.
ഷോൺ ജില്ല പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്നതിൽ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. പൂഞ്ഞാറിൽ സ്ഥാനാർഥിയായി കരുതിയിരുന്നയാൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് വീട്ടിലെത്തി ഷോൺ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ഷോണിനെ പൂഞ്ഞാറിൽ മത്സരിപ്പിച്ചത്. ഷോണിന് എം.എൽ.എ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്.
ഷോൺ ജോർജ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും പൂഞ്ഞാറിൽ താൻ തന്നെയുണ്ടാകും. ജനപക്ഷത്തിന് പാലായിലും കാഞ്ഞിരപ്പള്ളിയിലും മത്സരിക്കാൻ കഴിയും. ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെച്ചത് ധാർമികതക്ക് നിരക്കുന്നതല്ല. സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ജോസ് നടത്തുന്നത്. ഇതൊക്കെ ജനം കാണുന്നുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജില്ല പഞ്ചായത്ത്അംഗം ഷോൺ ജോർജും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.