'അന്ന് ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു, പരാതിയിൽ ഉറച്ചു നിൽക്കുന്നു'; സോളാർ കേസിലെ പരാതിക്കാരി
text_fieldsതിരുവനന്തപുരം: സോളാർ പീഡനക്കേസിലെ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നും അവർ അവകാശപ്പെട്ടു. ഇത് സംസ്ഥാന പൊലീസിന് കണ്ടെത്താൽ സാധിക്കില്ല എന്നതു കൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടതെന്നും അവര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
'സംഭവം നടന്ന 2012 സെപ്റ്റംബർ 19ന് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു. അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്‍റെ സെൻസസ് അവിടെ നടന്നിരുന്നു. ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാര്യ മറിയാമ്മ ഉമ്മനാണ് അത് ഉദ്ഘാടനം ചെയ്തത്. എല്ലാ പരിപാടികളും റദ്ദാക്കിയിരുന്ന മുഖ്യമന്ത്രി അവിടെ വിശ്രമത്തിലായിരുന്നു' -അവർ വെളിപ്പെടുത്തി.
'സാക്ഷി മൊഴികൾ വില കൊടുത്തു വാങ്ങിയതിന്‍റെ ശബ്ദ രേഖകൾ തന്‍റെ പക്കലുണ്ട്. എങ്ങനെയാണ് കേസ് അട്ടിമറിച്ചത്, സാക്ഷികളെ സ്വാധീനിച്ചത് എന്നതിന്‍റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്. സാക്ഷികളും ഡിജിറ്റൽ തെളിവുകളുമുണ്ട്' -അവർ കൂട്ടിച്ചേർത്തു.
കെ.സി. വേണുഗോപാലിന്‍റെ പി.എ ശരത് ചന്ദ്രൻ, മുൻ പൊലീസ് അസോസിയേഷൻ പ്രസിഡന്‍റ് ജി.ആർ. അജിത്ത് എന്നിവർ കേസ് അട്ടിമറിക്കാനുള്ള സംഘത്തിലുണ്ടായിരുന്നു. ഇവരുടെ ശബ്ദ സന്ദേം തന്‍റെ പക്കലുണ്ട്. കേസിന്‍റെ അറ്റം കാണാതെ പിന്മാറില്ല -പരാതിക്കാരി പറഞ്ഞു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണൽ സ്റ്റാഫിനെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്തിരുന്നു. ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ല. പരാതിക്കാരിയുടെ ഡ്രൈവർമാരുടെയും മൊഴിയെടുത്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.