ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് തലസ്ഥാനം; ഇന്ദിര ഭവനിൽ ജനസഞ്ചയം
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ഇന്ദിര ഭവനിൽ എത്തിച്ചു. പുതുപ്പള്ളി ഹൗസിലും ദർബാർ ഹാളിലും സെന്‍റ് ജോർജ് പള്ളിയിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് ഇന്ദിര ഭവനിലേക്ക് കൊണ്ടുവന്നത്. രാത്രി വൈകിയും നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് ഇന്ദിര ഭവനിൽ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ എത്തിയിരിക്കുന്നത്.
ബംഗളൂരുവിൽനിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുവന്നു. അന്തിമോപചാരം അർപ്പിക്കാനായി ആയിരക്കണക്കിന് പേരാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിയത്. മൃതദേഹം കാണാനെത്തിയ എ.കെ ആന്‍റണി വിതുമ്പിക്കരഞ്ഞു.
പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ദർബാർ ഹാളിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു നേതാക്കളും പ്രമുഖരുമെല്ലാം ഇവിടെ ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു.
കേരളത്തിലെത്തിക്കുന്നതിന് മുമ്പ് ബംഗളൂരുവിൽ മുൻമന്ത്രി ടി. ജോണിന്‍റെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അവിടെ അന്തിമോപചാരം അർപ്പിച്ചു.
ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.