മൂന്നുദിവസം ഔദ്യോഗിക ദുഃഖാചരണം; പരീക്ഷകൾ മാറ്റി
text_fieldsകോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും പൊതുമേഖല, സ്റ്റാറ്റ്യൂട്ടറി, സ്വയംഭരണ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സംസ്ഥാനമൊട്ടാകെ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. ഇന്നു മുതൽ 20 വരെയാണ് ദുഃഖാചരണം. ഈ ദിവസങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
സാങ്കേതിക സർവകലാശാല പരീക്ഷ മാറ്റിവെച്ചു
സംസ്ഥാനത്ത് ഇന്ന് പൊതു അവധി ആയതിനാൽ സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു.
എം.ജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി
ഇന്ന് നടത്താനിരുന്ന കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ ബിരുദ പ്രവേശനം 19ന് നടക്കും. 19ന് ഹാജരാകാൻ പറ്റാത്തവർക്ക് 24ന് ചേരാം.
കാലിക്കറ്റ് പരീക്ഷകൾ മാറ്റി
കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22-ലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്ക് അവധി പ്രഖ്യാപിച്ചു.
കേരള സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.
മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. കോൺഗ്രസ് നേതാക്കൾ ബെംഗളുരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനസമ്പർക്ക പരിപാടിയടക്കമുള്ള പരിപാടികളിലൂടെയും ജനങ്ങൾക്കിടയിലുള്ള വിശ്രമമറിയാത്ത പ്രവർത്തനങ്ങളിലൂടെയും കേരളം കണ്ട ഏറ്റവും ജനകീയരായ ഭരണാധികാരികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നു. 2004-2006, 2006-2011 വര്‍ഷങ്ങളില്‍ രണ്ട് തവണകളിലായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായി. നിലവിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം ഈയിടെയാണ് സഭയിൽ അൻപത് വർഷം പിന്നിട്ടത്.
തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായ ഉമ്മൻ ചാണ്ടി ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അദ്ദേഹത്തിലെ നേതാവിനെ പാകപ്പെടുത്തി. 1967ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായും 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.