ഓപൺ സ്കൂൾ പ്രവേശനം: ഏഴ് വർഷത്തിനിടെ 75 ശതമാനവും മലബാറിൽനിന്ന്
text_fieldsതിരുവനന്തപുരം: ഉപരിപഠന സൗകര്യമില്ലാത്തതിനാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന ഓപൺ സ്കൂളിൽ (സ്കോൾ) പ്രവേശനം നേടിയ വിദ്യാർഥികളിൽ 75 ശതമാനവും മലബാറിൽനിന്ന്. ഇതിൽ 36.5 ശതമാനം പേരും മലപ്പുറം ജില്ലയിൽനിന്നാണ്.
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 150ഓളം അധിക ബാച്ചുകൾ അനുവദിക്കണമെന്ന പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ ഈ വർഷം തുടർനടപടിക്ക് സർക്കാർ തയാറാകാതിരിക്കുമ്പോഴാണ് ആ മേഖലയിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം കണക്കുകളിലൂടെ വ്യക്തമാകുന്നത്. 2016 മുതൽ 2022 വരെ ഓപൺ സ്കൂളിൽ പ്ലസ് വൺ കോഴ്സിന് ചേർന്നത് 3,96,121 പേരാണ്. ഇതിൽ 2,96,969 പേർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നാണ്. 1,44,617 പേർ സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയിൽനിന്നാണ്. കഴിഞ്ഞവർഷം ഓപൺ സ്കൂളിൽ ആകെ പ്രവേശനം നേടിയ 38,726 പേരിൽ 31,234 പേരും മലബാറിലെ ഏഴ് ജില്ലകളിൽ നിന്നാണ്. ഇത് ആകെ പ്രവേശനം നേടിയവരുടെ 80.65 ശതമാനമാണ്. ഇതിൽ മലപ്പുറം ജില്ലയിൽനിന്ന് പ്രവേശനം നേടിയത് 15988 പേരാണ്-41.28 ശതമാനം.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരാണ് ഓപൺ സ്കൂളിനെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. കഴിഞ്ഞവർഷം മലപ്പുറം ജില്ലയിൽ മാത്രം അവസാന സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയായപ്പോഴും അപേക്ഷരായിരുന്ന 5000ലധികം കുട്ടികൾക്ക് സീറ്റ് നൽകാൻ സർക്കാറിന് സാധിച്ചിരുന്നില്ല. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ നേർചിത്രമാണ് ഓപൺ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വ്യക്തമാക്കുന്നത്.
സ്വകാര്യ എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിൽ ചേരുന്ന കുട്ടികളാണ് മലബാറിൽനിന്ന് ഓപൺ സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടുന്നവരിൽ ഭൂരിഭാഗവുമെന്ന പ്രചാരണം നടന്നിരുന്നു. എന്നാൽ കഴിഞ്ഞവർഷം മലപ്പുറം ജില്ലയിൽനിന്ന് ഓപൺ സ്കൂളിൽ പ്രവേശനം നേടിയ 15988 പേരിൽ 581 പേർ മാത്രമാണ് സയൻസ് കോഴ്സ് തെരഞ്ഞെടുത്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിന് പുറമെ, മറ്റ് ജില്ലകളിൽ മതിയായ കുട്ടികളില്ലാത്ത 105 ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ സമർപ്പിച്ചെങ്കിലും സർക്കാർ നടപടിക്ക് തയാറായിട്ടില്ല.
മലബാറിലെ സീറ്റ് ക്ഷാമം; താലൂക്ക് തലത്തിലെ പട്ടിക ശേഖരിക്കാൻ നിർദേശം നൽകി -മന്ത്രി
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ താലൂക്ക് തലത്തിൽ പട്ടിക ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞവർഷമുണ്ടായിരുന്ന 81 ബാച്ചുകൾ ഈ വർഷവും തുടരുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് ക്ഷാമത്തിന് താമസിയാതെ സർക്കാർതലത്തിൽ ഉത്തരമുണ്ടാകും. പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം വർഷ ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങും. ഹയർ സെക്കൻഡറി പരീക്ഷഫലം 25ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.