ഓപൺ സർവകലാശാല: വിദ്യാർഥി, സ്റ്റാഫ് മാറ്റത്തിനുള്ള ഹൈകോടതി വിലക്ക് തുടരും
text_fieldsകൊച്ചി: സംസ്ഥാനത്തെ ആദ്യ ഓപൺ സർവകലാശാലയിലേക്ക് മറ്റുസർവകലാശാലകളിൽനിന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും മാറ്റാനുള്ള ഹൈകോടതി വിലക്ക് തുടരും.
സർവകലാശാലക്ക് യു.ജി.സിയുടെ അംഗീകാരം ലഭിക്കുംവരെ ശ്രീനാരായണഗുരു ഓപൺ സര്‍വകലാശാലയിലേക്ക് മാറ്റരുതെന്ന മുൻ ഉത്തരവ് തുടരാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അതേസമയം, ഓപൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി പി.എം. മുബാറക് പാഷയെ നിയമിക്കുന്ന നടപടി ചോദ്യം ചെയ്യുന്ന ഹരജി പിൻവലിച്ചു.
ഈ ആവശ്യം റിട്ട് ഹരജിയായി നിലനിൽക്കില്ലെന്ന സൂചനയെത്തുടർന്ന് പുതിയ ഹരജി സമർപ്പിക്കാനുള്ള അനുമതിയോടെ ഹരജിക്കാരൻതന്നെ പിൻവലിക്കുകയായിരുന്നു.
യു.ജി.സിയുടെ അനുമതി നേടാതെയാണ് പുതിയ സര്‍വകലാശാലയില്‍ കോഴ്സുകൾ തുടങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശി കെ.ആര്. അശോക് കുമാറടക്കം നല്കിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് സർവകലാശാല മാറ്റം വിലക്കിയത്. സർവകലാശാലക്ക് യു.ജി.സിയുടെ അംഗീകാരം ലഭിക്കാൻ സ്വീകരിച്ച നടപടിയെക്കുറിച്ച് കോടതി സംസ്ഥാന സര്‍ക്കാറിെൻറ വിശദീകരണം തേടിയെങ്കിലും ഹരജി പരിഗണിച്ച വെള്ളിയാഴ്ച സത്യവാങ്മൂലം നൽകിയില്ല.
ഓപൺ സർവകലാശാലക്ക് വേണ്ടിയുള്ള അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യു.ജി.സി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് സർവകലാശാല മാറ്റം വേണ്ടെന്ന നിർദേശം കോടതി ആവർത്തിച്ചത്.
വിദൂര വിദ്യാഭ്യാസ പദ്ധതി നടത്തിപ്പിന് കേരള സർവകലാശാല മാത്രമാണ് അപേക്ഷ നൽകിയതെന്നും കാലിക്കറ്റ് സർവകലാശാലയുടെ അപേക്ഷ െവെകിയാണ് ലഭിച്ചതെന്നും യു.ജി.സി അറിയിച്ചു. ഇക്കാര്യങ്ങളിൽ കോടതി യു.ജി.സിയുെട രേഖാമൂലമുള്ള വിശദീകരണം തേടി. തുടർന്ന് സർക്കാറിനും യു.ജി.സിക്കും വിശദീകരണം നൽകാൻ സമയം അനുവദിച്ച് രണ്ടാഴ്ചക്കുശേഷം കേസ് പരിഗണിക്കാൻ മാറ്റി.
സുതാര്യമല്ലാതെയും സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് പാനൽ നിർദേശിക്കാതെയും സർക്കാർ ഏകപക്ഷീയമായി വൈസ് ചാൻസലറെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ഇടപ്പള്ളി സ്വദേശിയും െകാച്ചി സർവകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. പി.ജി. റോമിയോ നൽകിയ ഹരജിയാണ് പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.