ഓപൺ വാഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ രാജിക്കത്ത് നൽകി
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ ചാൻസലറായ ഗവർണർക്ക് രാജിക്കത്ത് നൽകി. അതേസമയം ഗവർണർ രാജി അംഗീകരിച്ചിട്ടില്ല. നിയമനത്തിൽ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന് കാണിച്ച് മുബാറക് പാഷ ഉൾപ്പെടെ നാല് വി.സിമാർക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസിൽ ശനിയാഴ്ച രാജ്ഭവനിൽ ഗവർണർ ഹിയറിങ് നടത്തിയിരുന്നു.
ബാക്കി മൂന്ന് വി.സിമാരും ഹിയറിങ്ങിന് എത്തുകയോ അഭിഭാഷകരെ ചുമതലപ്പെടുത്തുകയോ ചെയ്തു. മുബാറക് പാഷയോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ ഹാജരായില്ല. മൂന്നുദിവസം മുമ്പ് രാജിക്കത്ത് കൈമാറിയെന്നാണ് വിവരം.
2020 ഒക്ടോബറിലാണ് മുബാറക് പാഷയെ ഓപൺ സർവകലാശാലയുടെ പ്രഥമ വി.സിയായി സർക്കാർ നിയമിച്ചത്. കാലാവധി പൂർത്തിയാക്കാൻ ഏഴ് മാസത്തോളം അവശേഷിക്കെയാണ് രാജി. ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് വിഭാഗം മേധാവിയായി ജോലി ചെയ്തുവരവേ ആയിരുന്നു നിയമനം.
ആദ്യ വി.സിയെ സർക്കാർ ശിപാർശപ്രകാരം ചാൻസലറായ ഗവർണർക്ക് നിയമിക്കാമെന്ന സർവകലാശാല നിയമത്തിലെ വ്യവസ്ഥപ്രകാരം സെർച് കമ്മിറ്റി ഇല്ലാതെയായിരുന്നു മുബാറക് പാഷ നിയമിതനായത്. ഇതിന് പുറമെ മതിയായ യോഗ്യതയില്ലാതെയാണ് പാഷയുടെ നിയമനമെന്ന് ആരോപിച്ചുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലുണ്ട്.
സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടം പാലിച്ചില്ലെന്ന് കണ്ട് സുപ്രീംകോടതി അസാധുവാക്കിയിരുന്നു. തുടർന്ന് ചട്ടം പാലിക്കാതെ നിയമനം നേടിയ വി.സിമാർക്ക് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയപ്പോൾ അതിൽ മുബാറക് പാഷയും ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.