ഓപൺ സർവകലാശാല മറ്റ് സർവകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കും
text_fieldsതിരുവനന്തപുരം: ഒാപൺ സർവകലാശാല ഒാർഡിനൻസിലൂടെ ഇതര സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസം പൂർണമായും നിർത്തലാക്കുന്നത് പ്രധാന സർവകലാശാലകളുടെ സാമ്പത്തിക നെട്ടല്ല് തകർക്കും.സർവകലാശാലകൾക്ക് സ്വന്തം നിലക്ക് കണ്ടെത്താവുന്ന ഫണ്ടിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള വരുമാനം. അഞ്ച് വർഷത്തിനിടെ കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് ഇൗ ഇനത്തിലെ ആകെ വരുമാനം 127.9 കോടി രൂപയാണ്.
63.23 കോടി രൂപ ചെലവ് കഴിഞ്ഞാൽ 64.67 കോടി രൂപയാണ് മൂന്ന് സർവകലാശാലകളുടെയും മിച്ചം. ഏറ്റവും കൂടുതൽ പേർ വിദൂരപഠനത്തിനെത്തുന്ന കാലിക്കറ്റിനായിരുന്നു ഉയർന്ന വരുമാനം. കാലിക്കറ്റിൽ കഴിഞ്ഞവർഷം മാത്രം 23.17 കോടി രൂപ വരവും 6.38 കോടി രൂപ ചെലവും 16.79 കോടി രൂപ മിച്ചവുമുണ്ട്. 2013 മുതൽ 2018 വരെ 41.09 കോടി രൂപയാണ് കാലിക്കറ്റിന് മിച്ചമുണ്ടായത്.
കണ്ണൂർ സർവകലാശാല 14.24 കോടി രൂപയും കേരള 9.34 കോടി രൂപയും മിച്ചമുണ്ടാക്കി. ഇതര സർവകലാശാലകളിലെ വിദൂര/സ്വകാര്യ പഠനം നിർത്തലാക്കാൻ ഒാപൺ സർവകലാശാല ഒാർഡിനൻസിൽ വ്യവസ്ഥയുണ്ട്.ഒാപൺ സർവകലാശാല വരുന്നതുവഴി മറ്റ് സർവകലാശാലകളുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് സർക്കാർ നികത്തി നൽകണമെന്നാണ് സ്പെഷൽ ഒാഫിസറുടെ റിപ്പോർട്ടിൽ ശിപാർശ ചെയ്തത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ സർവകലാശാലകൾക്കുണ്ടാകുന്ന വരുമാനക്കുറവ് നികത്തിനൽകാനുള്ള സാധ്യത കുറവാണ്. ഇത് സർവകലാശാലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും. പ്രതിവർഷം അരലക്ഷത്തോളം വിദ്യാർഥികളാണ് വിവിധ ബിരുദ കോഴ്സുകൾക്കായി കാലിക്കറ്റ് സർവകലാശാലയിൽ വിദൂര പഠനത്തിന് ചേരുന്നത്.
ആറായിരത്തോളം വിദ്യാർഥികൾ പി.ജിക്കും ചേരുന്നുണ്ട്. കേരളയിൽ 5000ത്തിൽപരം വിദ്യാർഥികൾ ബിരുദ കോഴ്സുകൾക്കും മൂവായിരത്തിധികം പേർ പി.ജിക്കും ചേരുന്നുണ്ട്. കേരളയിൽ ഒമ്പതിനായിരത്തിൽപരം പേർ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ ബിരുദ പ്രവേശനം നേടുന്നുണ്ട്. കണ്ണൂർ സർവകലാശാലയിൽ 32000ത്തോളം പേർ പ്രതിവർഷം ബിരുദ കോഴ്സുകൾക്കും 1500ലധികം പേർ പി.ജി കോഴ്സുകൾക്കും ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.