മുറിവ് തുറന്നിട്ട് ചികിത്സ: ഡോക്ടറെ ശിക്ഷിക്കരുതെന്ന് കെ.ജി.എം.സി.ടി.എ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗിയുടെ മുറിവ് തുറന്നിട്ട് ചികിത്സിച്ച സംഭവത്തിൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ആർ.സി. ശ്രീകുമാറിനെ ശിക്ഷിക്കരുതെന്ന് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരന്തരം അണുബാധ ഉണ്ടാകുന്ന രോഗികളിൽ ലോകം മുഴുവൻ പിന്തുടരുന്ന ചികിത്സാരീതിയാണ് ഇവിടെയും സ്വീകരിച്ചത്.
പഴുപ്പ് തീരുന്നതുവരെയും ഉണങ്ങുന്നതുവരെയും ഇത്തരം മുറിവ് തുറന്നിടാം. 60 ശതമാനത്തോളം ഇത്തരം മുറിവുകൾ തുന്നലിടാതെ ഉണങ്ങും. മെഡിക്കൽ കോളജുകളുടെ സൽപ്പേര് കളങ്കപ്പെടുത്താനും ഡോക്ടർമാരുടെ മേനാനില തകർക്കാനുമുള്ള ആരോപണങ്ങൾ സമൂഹം തള്ളിക്കളയണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ ഡോ. നിർമൽ ഭാസ്കർ, ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം, മുൻ പ്രസിഡന്റ് ഡോ. ബിനോയ്.എസ് തുടങ്ങിയവർ പങ്കെടുത്തു.
2022 ഫെബ്രുവരിയിലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയനീക്ക ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ മുറിവ് തുന്നിക്കെട്ടാതെ ചികിത്സിച്ചത്. മാസങ്ങളോളം ദുരിതമനുഭവിക്കേണ്ടിവന്ന യുവതിയുടെ ദുരവസ്ഥ അറിഞ്ഞ കെ.ബി. ഗണേഷ് കുമാർ ഡോക്ടർമാരിൽ ചിലർ തല്ലുകൊള്ളേണ്ടവരാണെന്ന് നിയമസഭയിൽ പ്രസംഗിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. സർക്കാർ പ്രഖ്യാപിച്ച അന്വേഷണം തുടരുന്നതിനിടെയാണ് ഡോക്ടറെ പിന്തുണച്ച് കെ.ജി.എം.സി.ടി.എ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.