ഓപറേഷൻ അരിക്കൊമ്പൻ; അനുകൂല വിധി ഉണ്ടായാൽ 29ന് മോക്ഡ്രിൽ
text_fieldsതൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ കറങ്ങി നടക്കുന്ന അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ട് കുങ്കിയാനകളെ കൂടി ചിന്നക്കനാലിലെത്തിച്ചു. കുങ്കിയാനകളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനേയുമാണ് വനംവകുപ്പ് മുത്തങ്ങയിൽനിന്ന് ശനിയാഴ്ച രാവിലെ ചിന്നക്കനാലിൽ എത്തിച്ചത്.
നേരത്തേ വിക്രം, സൂര്യ എന്ന് വിളിക്കുന്ന കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടുന്നത് കോടതി താൽക്കാലികമായി തടഞ്ഞെങ്കിലും വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദൗത്യസംഘത്തിന്‍റെ തലവനായ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയും ജില്ലയിലെത്തിയിട്ടുണ്ട്. മോക്ഡ്രിൽ നടത്തുന്നതിന് കോടതി ഉത്തരവ് തടസ്സമല്ലെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു.
വയനാട്ടിൽനിന്ന് മുഴുവൻ സംഘവും എത്തിയതായും അരിക്കൊമ്പനെ സമ്മർദം ചെലുത്തി മലയിറക്കില്ലെന്നും അനുകൂല സാഹചര്യമുണ്ടായാൽ മാത്രമേ വെടിവെക്കാനാകൂവെന്നും ഇദ്ദേഹം പറഞ്ഞു. അനുകൂല വിധി ഉണ്ടായാൽ 29ന് തന്നെ മോക്ഡ്രിൽ നടത്തുമെന്ന് ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്.
അരുൺ പറഞ്ഞു. 30ന് ദൗത്യം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഹൈകോടതിയിലെ കേസിൽ കക്ഷിചേരുന്നതിന് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റുമാർ നടപടികൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.