ബേലൂർ മഖ്ന അകലെ തന്നെ; തിരച്ചിലിന് കർണാടക സംഘവും
text_fieldsമാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം അഞ്ചാംദിനവും വിജയം കണ്ടില്ല. ബുധനാഴ്ച കേരള-കർണാടക വനമേഖലയിൽ നിലയുറപ്പിച്ച ആന രാത്രി 9.30ഓടെ കാട്ടിക്കുളം തോൽപ്പെട്ടി വനപാത മുറിച്ചുകടന്ന് പനവല്ലി കാളികൊല്ലി മാനിവയലിൽ നിലയുറപ്പിച്ചു.
മയക്കുവെടി വെക്കാൻ വ്യാഴാഴ്ച രാവിലെ ആറോടെയാണ് ദൗത്യസംഘം നീങ്ങിയത്. പക്ഷേ അമ്മക്കാവ്, കുതിരക്കോട്, ചെമ്പകമൂല, റസ്സൽകുന്ന്, എമ്മടി, തിരുളുകുന്ന് ഭാഗങ്ങളിലേക്ക് ആന നീങ്ങുകയായിരുന്നു. ഇടതൂർന്ന വനവും കുത്തനെയുള്ള കയറ്റവും ഇറക്കവുമായതിനാൽ ആനയെ നേരിട്ടുകാണാൻ ദൗത്യസംഘത്തിന് കഴിഞ്ഞില്ല. 50 മീറ്റർ അടുത്തുവരെ സിഗ്നൽ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കൂടെക്കൂടിയ മോഴയാന വ്യാഴാഴ്ചയും ബേലൂർ മഖ്നക്കൊപ്പം ഉണ്ടെന്നാണ് സൂചന.
കേരള ദൗത്യസംഘത്തിനൊപ്പം നാഗർഹോള മൂലഹള്ള റേഞ്ചർ നരേഷിന്റെ നേതൃത്വത്തിൽ ബന്ദിപ്പൂരിൽനിന്നുള്ള 25 അംഗ സംഘവും തിരച്ചിലിൽ പങ്കാളികളായി. ആനയെ ഡ്രോണിലും കണ്ടെത്താനായിട്ടില്ല.
രാത്രികാല നിരീക്ഷണം ശക്തമാക്കാനും ദൗത്യം വെള്ളിയാഴ്ച രാവിലെ തുടങ്ങാനുമാണ് തീരുമാനം. മയക്കുവെടി വിദഗ്ധൻ വനം വെറ്ററിനറി സീനിയർ സർജൻ ഡോ. അരുൺ സക്കറിയ വെള്ളിയാഴ്ച ദൗത്യസംഘത്തോടൊപ്പം ചേരും. വ്യാഴാഴ്ച തിരച്ചിൽ, മയക്കുവെടി ടീമുകളിലായി 43 പേരും നാലു കുങ്കിയാനകളും പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. രാവിലെ നിർദേശങ്ങൾ അനൗൺസ് ചെയ്ത് ആന നിലയുറപ്പിച്ച പ്രദേശത്തിന് ചുറ്റുമുള്ള വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ആനയെ പിടികൂടാത്തതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കർണാടകയിൽ നിന്നുള്ള ആന പടമല സ്വദേശി പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയത്. ഇതോടെയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിച്ചത്.
വയനാട്ടില്‍ സ്പെഷല്‍ ഓഫിസറെ നിയമിക്കും
തിരുവനന്തപുരം: ജനവാസ മേഖലകളില്‍ വന്യജീവികൾ എത്തിയാൽ, കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കാൻ നിർദേശം. കലക്ടര്‍ക്കുള്ള അധികാരം ഉപയോഗിച്ച് നടപടികളിലേക്ക് കടക്കാമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള സ്പെഷല്‍ ഓഫിസറെ വയനാട് ജില്ലയില്‍ നിയമിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്ന കാര്യം ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടിക്കാടുകള്‍ നീക്കാന്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കണം. വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്നമരങ്ങള് പൂര്‍ണമായും നീക്കാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്കരിക്കണം. ജൈവ മേഖലയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും. റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണമെന്നും നിർദേശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതി രൂപവത്കരിക്കും. ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കണം.
വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുള്ള സഹായം ആലോചിക്കും. റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിച്ച് കൊണ്ടുവരാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്കി.
ട്രെഞ്ച്, ഫെന്‍സിങ് ഉള്ള ഏരിയകളില്‍ അവ നിരീക്ഷിക്കാന്‍ പ്രാദേശിക സമിതികള്‍ രൂപവത്കരിക്കണം. കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടികള്‍ ആലോചിക്കും. വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ നിലനിര്‍ത്താൻ നടപടി കൈക്കൊള്ളും.
മൂന്നു സംസ്ഥാനങ്ങളില്‍നിന്നുള്ള നോഡല്‍ ഓഫിസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തി. റവന്യൂ, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്ട്രോള് സെന്റര്‍ ശക്തിപ്പെടുത്തണം. ഇവരുള്‍പ്പെടുന്ന വാർ റൂം സജ്ജമാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, കെ. രാജന്, എം.എല്‍.എമാരായ ഒ.ആര്. കേളു, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.