ഓപറേഷൻ ഫോക്കസ്; കേസെടുത്തത് 151 ടൂറിസ്റ്റ് ബസുകൾക്കെതിരെ
text_fieldsകോഴിക്കോട്: വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ജില്ലയിലിതുവരെ കേസെടുത്തത് 151 ടൂറിസ്റ്റ് ബസുകൾക്കെതിരെ. ഇതോടൊപ്പം അമ്പതോളം സ്വകാര്യ ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് ബസുകളിൽനിന്ന് 2.19 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയെന്നും ആർ.ടി.ഒ കെ. ബിജുമോൻ പറഞ്ഞു. വേഗപ്പൂട്ട് പ്രവർത്തനരഹിതമായതടക്കം ചില ബസുകൾക്ക് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിട്ടുണ്ട്.
വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തിൽ 'ഓപറേഷൻ ഫോക്കസ് -മൂന്ന്' എന്നപേരിൽ സംസ്ഥാന വ്യാപകമായുള്ള പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും തുടരെ പരിശോധന നടന്നത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ജില്ലയിലുടനീളം വാഹനങ്ങൾ പരിശോധിച്ചത്.
വേഗപ്പൂട്ട് പ്രവർത്തനം, എയർഹോൺ ഉപയോഗം, രൂപമാറ്റം വരുത്തൽ, ഡി.ജെ സൗണ്ട്, ലേസർ ലൈറ്റ് എന്നിവയടക്കമുള്ളവയാണ് ടൂറിസ്റ്റ് ബസുകളിൽ പ്രധാനമായും പരിശോധിക്കുന്നത്. അമിത വേഗത, അലക്ഷ്യ ഡ്രൈവിങ്, വിദ്യാർഥികളെ കയറ്റാതിരിക്കൽ, മത്സരയോട്ടം, വേഗപ്പൂട്ടിന്റെ പ്രവർത്തനം തുടങ്ങിയവയാണ് സ്വകാര്യ ബസുകളിൽ പരിശോധിക്കുന്നത്.
പരിശോധന ശക്തമായതോടെ ടൂറിസ്റ്റ് ബസുകളിൽ നിയമം ലംഘിച്ച് ഘടിപ്പിച്ച ലേസർ ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഉടമകൾതന്നെ അഴിച്ചുമാറ്റുന്നുണ്ട്. മാത്രമല്ല, ചിലർ ഗാരേജുകളിൽനിന്നും വർക്ക്ഷോപ്പുകളിൽനിന്നും ടൂറിസ്റ്റ് ബസുകൾ പുറത്തിറക്കാത്ത സ്ഥിതിയുമുണ്ടായിരുന്നു.
ഇതോടെ ഇവിടങ്ങളിലെത്തിയാണ് ഉദ്യോഗസ്ഥർ ബസുകളിലെ നിയമലംഘനങ്ങൾ പരിശോധിച്ചത്. കഴിഞ്ഞദിവസം മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്ന് സ്വകാര്യ ബസുകൾ പരിശോധിക്കവെ ബസ് ജീവനക്കാർ പ്രതിഷേധവുമായി എത്തുകയും കെ.എസ്.ആർ.ടി.സി ബസുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതോടെ കെ.എസ്.ആർ.ടി.സി ബസുകളും പരിശോധിക്കുന്നുണ്ട്. വേഗപ്പൂട്ട് പ്രവർത്തിക്കുന്നില്ലെന്നതടക്കമുള്ള നിയമലംഘനങ്ങളാണ് കെ.എസ്.ആർ.ടി.സി ബസുകളിലും കണ്ടെത്തിയത്. ഇതിലും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 16 വരെയാണ് സ്‍പെഷൽ ഡ്രൈവെങ്കിലും അഴിച്ചുമാറ്റിയ ലേസർ ലൈറ്റും സൗണ്ട് സിസ്റ്റവും മറ്റ് ആഡംബരങ്ങളും വീണ്ടും ഘടിപ്പിച്ചേക്കുമെന്നതിനാൽ തുടർന്നും പരിശോധന നടത്താനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
ഇക്കാലയളവിൽ വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പൊലീസും ഇരുനൂറോളം പെറ്റി കേസുകളെടുത്തിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്കെതിരെയാണ് പൊലീസ് കൂടുതലായി നടപടി സ്വീകരിച്ചത്.
ടൂറിസ്റ്റ് ബസുടമകൾ കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തും
കോഴിക്കോട്: ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ട് കാരേജ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11ന് എരഞ്ഞിപ്പാലത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
വടക്കഞ്ചേരി അപകടത്തിനുശേഷം നിസ്സാരമായ കാര്യങ്ങൾക്കുപോലും വൻതുക ഈടാക്കുന്നുവെന്നാണ് ബസുടമകളുടെ ആരോപണം. ടൂറിസ്റ്റ് ബസുകൾ വെള്ള നിറത്തിലുള്ള പെയിന്‍റ് അടിച്ചതിനുശേഷം മാത്രം നിരത്തിലിറങ്ങിയാൽ മതിയെന്നാണ് പുതിയ ഉത്തരവ്.
ഇത് പ്രായോഗികമല്ല. പെയിന്‍റടിക്കുന്നതിന് ഒരു മാസമെങ്കിലും സമയം അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
കോവിഡിനുശേഷം ഉണര്‍ന്നുവരുന്ന മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കുക, യാത്രക്കിടെ നടത്തുന്ന അനാവശ്യ പരിശോധനകള്‍ ഒഴിവാക്കുക, ജി.പി.എസില്ലെന്ന കാരണത്താല്‍ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കുക, കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്നതിന് കമീഷനെ നിയമിക്കുക, കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളെ ടൂറിസത്തിന്റെ ഭാഗമായി അംഗീകരിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി കെ.പി. ശ്രീശാന്ത്, പ്രസിഡന്റ് എം. റഫീഖ്, ട്രഷറര്‍ കെ. വിനോദ് കുമാര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.