ഓപറേഷൻ ജാസൂസ്; ആർ.ടി.ഒ ഓഫിസുകളിൽ കൈക്കൂലി ഗൂഗ്ൾ പേയിലൂടെ
text_fieldsതിരുവനന്തപുരം: വിവിധ ജില്ലകളിലെ ആർ.ടി.ഒ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വമ്പൻ തട്ടിപ്പും കണക്കിൽപ്പെടാത്ത ലക്ഷങ്ങളുടെ ഇടപാടും. ഏജൻറുമാർ വഴി വ്യാപക പണപ്പിരിവ് നടത്തുന്നെന്നാണ് കണ്ടെത്തൽ. സംസ്ഥാനമൊട്ടാകെ 53 ആർ.ടി.ഒ/ജെ.ആർ.ടി ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തി.
ഏജൻറുമാരുടെ ഓഫിസുകളിലും പരിശോധന നടന്നു. കോട്ടയം ആർ.ടി.ഒ ഓഫിസിൽ നടന്ന പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗ്ൾ പേ വഴി 1,20,000 രൂപ നൽകിയതായി കണ്ടെത്തി. അടിമാലി ഓഫിസില്‍ 97,000 രൂപ പലപ്പോഴായി നൽകി. ചങ്ങനാശ്ശേരിയിലെ ഉദ്യോഗസ്ഥന് ഡ്രൈവിങ് സ്കൂൾ ഏജന്റുമാർ 72,200 രൂപയും കാഞ്ഞിരപ്പള്ളി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് 15,790 രൂപയും നൽകിയെന്ന് വ്യക്തമായി.
നെടുമങ്ങാട്ടെ ഓട്ടോ കൺസൽട്ടൻസി ഓഫിസിൽനിന്ന് 1.50 ലക്ഷം രൂപയും കൊണ്ടോട്ടി ഓഫിസിൽ ഏജൻറിന്റെ കാറിൽനിന്ന് 1.06 ലക്ഷം രൂപയും ആലപ്പുഴയിൽ രണ്ട് ഏജന്റുമാരിൽനിന്ന് 72,412 രൂപയും വെള്ളരിക്കുണ്ട് ജോയൻറ് ആർ.ടി.ഒ ഓഫിസിൽ രണ്ട് ഏജന്റുമാരിൽനിന്നായി 38,810 രൂപയും കോട്ടയത്ത് ഏജൻറുമാരുടെ പക്കൽനിന്ന് 36,050 രൂപയും പിടിച്ചെടുത്തു.
ചടയമംഗലത്ത് രണ്ട് ഏജൻറുമാരിൽനിന്ന് 32,400 രൂപയും കൊട്ടാരക്കരയിൽ 34,300 രൂപയും പാലക്കാട് 26,900 രൂപയും റാന്നിയിൽ 15,500 രൂപയും പത്തനംതിട്ടയിൽ 14,000 രൂപയും പുനലൂരിൽ 8,100 രൂപയും കരുനാഗപ്പള്ളിയിൽ 7,930 രൂപയും കാക്കനാട്ട് 8,000 രൂപയും പിടികൂടി.
വടകര ആർ.ടി.ഒ ഓഫിസിലെ ടൈപിസ്റ്റിന്റെ ബാഗിൽനിന്ന് നിരവധി അപേക്ഷകളും ആർ.സി ബുക്കുകളും സ്റ്റിക്കറുകളും നെടുമങ്ങാട്ട് ഓട്ടോ കൺസൽട്ടൻസിയിൽനിന്ന് 84 ആർ.സി ബുക്കുകളും നാല് ലൈസൻസുകളും കണ്ടെത്തി. കരുനാഗപ്പള്ളിയിൽ ഏജന്റിന്റെ ഓഫിസിൽനിന്ന് പുതിയ ആർ.സി ബുക്കുകളും വാഹന പെർമിറ്റുകളും അനുബന്ധരേഖകളും കണ്ടെടുത്തു.
കോഴിക്കോട് ആര്.ടി.ഒ ഓഫിസില്‍ വാഹന രജിസ്ട്രേഷനായുള്ള 2523 അപേക്ഷകളില്‍ 1469 എണ്ണത്തിൽ നടപടി സ്വീകരിച്ചില്ല. ഉടുമ്പഞ്ചോല, പീരുമേട് ഓഫിസുകളില്‍ ഏജന്റുമാർ പ്രത്യേക അടയാളമിട്ട് നല്കുന്ന അപേക്ഷകളിൽ വളരെ വേഗം നടപടികൾ പൂർത്തിയാക്കുന്നതായും കണ്ടെത്തി.
കഴക്കൂട്ടം എസ്.ആർ.ടി.ഒ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽനിന്ന് ആർ.സി ബുക്കുകൾ, ലൈസൻസുകൾ, വാഹന സംബന്ധമായ മറ്റു രേഖകൾ എന്നിവ കണ്ടെടുത്തു. മൂവാറ്റുപുഴയിലെ എ.എം.വി.ഐയുടെ പക്കൽ കണ്ടെത്തിയ ഒമ്പതോളം എ.ടി.എം കാർഡുകളിൽ അഞ്ചെണ്ണം ഉദ്യോഗസ്ഥന്റെ പേരിലുള്ളതല്ലെന്ന് വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.