ഓപറേഷന് ജംഗിൾ സഫാരി; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന
text_fieldsമാനന്തവാടി: വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഓപറേഷന് ജംഗിൾ സഫാരി എന്ന പേരിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
ഇവിടങ്ങളിൽ വിനോദസഞ്ചാരികളുടെ പക്കല്‍ നിന്നും വിവിധ ഫീസിനത്തില്‍ പിരിച്ചെടുക്കുന്ന തുകയില്‍ വ്യാപക വെട്ടിപ്പ് നടക്കുന്നതായും വനപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ക്ക് അനുവദിക്കുന്ന നിര്‍മ്മാണ പദ്ധതികളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വനം വികസന ഏജന്‍സികളിലും തിരഞ്ഞെടുത്ത ഇക്കോ വികസന കമ്മിറ്റികളിലും വനം സംരക്ഷണ സമിതികളിലുമടക്കമായിരുന്നു മിന്നൽ പരിശോധന. സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെയും നടപടികൾ.
സുൽത്താൻ ബത്തേരി വൈല്‍ഡ് ലൈഫ്, കൽപറ്റ, മുത്തങ്ങ, തോല്‍പ്പെട്ടി, ചെമ്പ്ര, മീന്മുട്ടി, കുറുവ, സൂചിപ്പാറ തുടങ്ങി എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മീന്മുട്ടി വെള്ളച്ചാട്ടത്തിലെ വന സംരക്ഷണ സമിതിയില്‍ 2022ല്‍ വന വിഭവങ്ങള്‍ വിറ്റ വകയിലുള്ള 23,307 രൂപ ഇതുവരെ വനം സംരക്ഷണ സമിതിയില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തി. തോല്‍പ്പെട്ടി ഇക്കോ െഡവലപ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള വനസംരക്ഷണ സമിതിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ദിവസത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ പത്തുമണിവരെയുള്ള കണക്കില്‍ 13,910 രൂപയുടെ കുറവും കണ്ടെത്തി. മറ്റ് ക്രമക്കേടുകളുടെ പരിശോധനകള്‍ തുടരുകയാണ്. ജില്ലയിലെ പരിശോധനകള്‍ക്ക് ഡിവൈ.എസ്.പിമാരായ ഷാജി വര്‍ഗീസ്, ചന്ദ്രന്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.