ഓപറേഷന് പ്രൈവറ്റ് പ്രാക്ടീസ്; വിജിലൻസ് റെയ്ഡിനിടെ രണ്ട് ഡോക്ടര്‍മാര്‍ ഇറങ്ങിയോടി
text_fieldsപത്തനംതിട്ട: സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരായ ഓപറേഷന് പ്രൈവറ്റ് പ്രാക്ടീസിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടന്ന വിജിലന്‍സ് പരിശോധനക്കിടെ രണ്ട് ഡോക്ടര്‍മാര്‍ ഇറങ്ങിയോടി.
ടി.കെ റോഡില്‍ ആലുക്കാസ് ജ്വല്ലറിക്ക് എതിര്‍വശത്തെ കമേഴ്സ്യല്‍ കോംപ്ലക്സില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന പത്തനംതിട്ട ജനറല്‍ മെഡിസിനിലെ ഡോ. ടി. ജയശ്രീ, കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപു ബാലകൃഷ്ണന് എന്നിവരാണ് ഇറങ്ങിയോടിയതായി പരിശോധനക്കെത്തിയ രോഗികൾ പറഞ്ഞത്.
ഇവർ അടക്കം ഡോ. രാജീവ് ആര്. നായര്‍, സെന്റ് മേരീസ് സ്കൂള്‍ റോഡിലെ കമേഴ്സ്യല്‍ ബില്‍ഡിങ്ങിൽ രോഗികളെ പരിശോധിക്കുന്ന ഓര്‍ത്തോപീഡിക് സര്ജന് ഡോ. മനോജ്, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്ജന് ഡോ. റെജി ജോർജ്, ഗൈനക്കോളജിസ്റ്റ് ഡോ. കെ.എസ്. വിജയ എന്നിവര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കി.
ഡോ. രാജീവ് ആര്. നായര്‍ പ്രാക്ടീസിന് എത്തിയിരുന്നില്ല. അടൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് ഡോക്ടര്‍മാര്‍ പ്രാക്ടീസ് നടത്തുന്ന കെട്ടിടത്തില്‍ പരിശോധന നടത്തിയെങ്കിലും ഫ്ലാറ്റുകള്‍ സ്വന്തം പേരില്‍ ആയതിനാല്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല.
പത്തനംതിട്ടയിലെ ഓര്‍ത്തോപീഡിക് സര്ജന് മനോജ് താമസിക്കുന്ന അടൂരിൽ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. അവിടെ ആ സമയം മറ്റ് രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിരിക്കുന്നത്.
സ്വന്തം താമസ സ്ഥലത്ത് മാത്രമേ ഇവര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ അനുവാദമുള്ളൂ. സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളെയോ ഇവരുടെ ബന്ധുക്കളെയോ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്താന്‍ പാടില്ല. വരും ദിവസങ്ങളില്‍ അഡ്മിറ്റാകാന്‍ പോകുന്ന രോഗികളെയും സ്വകാര്യ പ്രാക്ടീസ് നടക്കുന്നിടത്ത് വിളിച്ചുവരുത്തരുത്.
സ്വന്തം താമസ സ്ഥലത്ത് അല്ലാതെ പ്രാക്ടീസ് നടത്തുന്നവരെയാണ് വിജിലന്‍സ് നോട്ടമിട്ടത്. കമേഴ്സ്യല്‍ കെട്ടിടങ്ങളില്‍ പ്രാക്ടീസ് നടത്തുന്നവരാണ് ഇറങ്ങിയോടിയത്. ഇവരെ ഇവിടെ കൊണ്ടുവന്ന് വാടക കൊടുത്ത് ഇരുത്തുന്നത് ക്ലിനിക്കല്‍ ലബോറട്ടറി ഉടമകളാണെന്ന വിവരവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. അതിനുപകരം ഈ ലബോറട്ടറികളിലേക്ക് ഡോക്ടമാര്‍ പരിശോധനകള്‍ക്ക് എഴുതും.
ആറ് ഡോക്ടമാര്ക്കെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡിവൈ.എസ്.പി ഹരി വിദ്യാധരന് പറഞ്ഞു. ഇന്‍സ്പെക്ടര്‍മാരായ പി. അനില്‍കുമാര്‍ അടൂരിലും കെ. അനില്‍കുമാര്‍ പത്തനംതിട്ടയിലും ജെ. രാജീവ് കോഴഞ്ചേരിയിലും പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.