ഓപറേഷൻ ട്രൂ ഹൗസ്: നഗരസഭകളിൽ ക്രമക്കേട് കണ്ടെത്തി
text_fieldsആലപ്പുഴ: കെട്ടിടനിർമാണ അനുമതിയിലെ അപാകത കണ്ടെത്താൻ 'ഓപറേഷൻ ട്രൂ ഹൗസ്' പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ജില്ലയിലെ നഗരസഭയിലും ക്രമക്കേട് കണ്ടെത്തി. ഹരിപ്പാട്, കായംകുളം നഗരസഭകളിലാണ് കെട്ടിടസമുച്ചയ നിർമാണത്തിന് ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിത്. അനധികൃത കെട്ടിടങ്ങൾക്ക് വ്യാജ നമ്പറിട്ട് നൽകുന്നതുൾപ്പെടെ പരാതികളിലായിരുന്നു അന്വേഷണം.
ഇതുമായി ബന്ധപ്പെട്ട പല ഫയലുകളും നഗരസഭകളിലെ ഓഫിസുകളിൽനിന്ന് അപ്രത്യക്ഷമായതായും കണ്ടെത്തി.ഹരിപ്പാട് നഗരസഭയിൽ നാല് കെട്ടിടങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തി. താൽക്കാലിക നിർമിതി എന്ന പേരിൽ നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമിച്ചതായാണ് വ്യക്തമായത്.
ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് പോകുന്ന പഴയ ഹൈവേ കൈയേറി വാണിജ്യ കെട്ടിടം അനധികൃതമായി നിർമിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. കൂടാതെ ഹരിപ്പാട് ആശുപത്രി ജങ്ഷനിലെ വാണിജ്യ സമുച്ചയത്തിന് രണ്ട് നിലകൾകൂടി നിർമിച്ചത് അനുമതി കൂടാതെയാണെന്നും വ്യക്തമായി.
കായംകുളത്ത് അനധികൃത കെട്ടിട നിർമാണത്തെപ്പറ്റി പരാതി ഉയർന്ന മുക്കവല, മേടമുക്ക്, ബാങ്ക് റോഡ് എന്നിവിടങ്ങൾ വിജിലൻസ് സംഘം പരിശോധിച്ചു.ബാങ്ക് റോഡിൽ ഒരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയ വാണിജ്യ കേന്ദ്രമാക്കിയതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ വിജിലൻസിന് ലഭിച്ചത്. മുക്കവല ജങ്ഷനിൽ താഴത്തെ നില അറ്റകുറ്റപ്പണി നടത്താനായി ലഭിച്ച പെർമിറ്റിന്റെ മറവിൽ മുകളിലും നില പണിതതായി ആരോപണമുണ്ട്.
മേടമുക്കിൽ റോഡ് ദൂരപരിധി ലംഘിച്ച് രണ്ട് സ്ഥാപനങ്ങൾ കെട്ടിടം നിർമിച്ചതായും പരാതിയുണ്ട്. പരാതികളിൽ വിശദ അന്വേഷണം വേണമെന്ന് അധികൃതർ പറഞ്ഞു. വിജിലൻസ് ഡിവൈ.എസ്.പി ശ്യാംകുമാർ, ഇൻസ്പെക്ടർമാരായ ജസ്റ്റിൻ ജോർജ്, രാജേഷ് കുമാർ, പ്രശാന്ത് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.