ശസ്ത്രക്രിയ പിഴവ്: ആറര ലക്ഷം നഷ്ടപരിഹാരം
text_fieldsകോട്ടയം: ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞിത്തുണി മറന്നുവെച്ച കേസില്‍ സ്വകാര്യ ആശുപത്രി ആറര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധി. പുതുപ്പള്ളി മഠത്തിറമ്പില്‍ ചാണ്ടപ്പിള്ള കുര്യന്‍െറ ഭാര്യ ഷേര്‍ളി 2007 ഫെബ്രുവരി ഏഴിനാണ് കോട്ടയം നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്കിടെ രക്തം പുരണ്ട പഞ്ഞിത്തുണി ഷേര്‍ളിയുടെ വയറ്റില്‍ മറന്നുവെച്ച ശേഷമാണ് തുന്നിക്കെട്ടിയത്. ആഴ്ചകള്‍ക്കുശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലത്തെി പരിശോധന നടത്തി. ഇതില്‍ വയറ്റില്‍ പഞ്ഞിത്തുണി കണ്ടത്തെി. തുടര്‍ന്ന് അവിടെ ശസ്ത്രക്രിയയിലൂടെ തുണി പുറത്തെടുത്തു.
ഷേര്‍ളി 2007 ജൂലൈ മൂന്നിനാണ് ഉപഭോക്തൃഫോറത്തില്‍ ഹരജി ഫയല്‍ ചെയ്തത്. ശസ്ത്രക്രിയ നടത്തിയ ആശുപത്രിയും ബന്ധപ്പെട്ട ഡോക്ടറുമായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികള്‍. 10 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ബാസ് അഗസ്റ്റിന്‍ പ്രസിഡന്‍റും രേണു പി. ഗോപാലന്‍ അംഗവുമായ ജില്ല ഉപഭോക്തൃഫോറം വിധി പറഞ്ഞത്. എറണാകുളത്തെ ആശുപത്രിയില്‍ രണ്ടാമത്തെ ശസ്ത്രക്രിയക്ക് ചെലവായ തുക ഉള്‍പ്പെടെയാണ് നഷ്ടപരിഹാരം വിധിച്ചത്. കേസിന്‍െറ ചെലവിലേക്ക് 10,000 രൂപയും പ്രതികള്‍ ഷേര്‍ളിക്ക് നല്‍കണം.
രക്തം പുരണ്ട പഞ്ഞിത്തുണി വയറ്റില്‍ കെട്ടിക്കിടന്ന് ഷേര്‍ളിയുടെ കുടലിനു മാരകരോഗം പിടിപെടുകയും ഉപയോഗശൂന്യമായ കുടല്‍ഭാഗം മുറിച്ചുനീക്കേണ്ടി വരുകയും ചെയ്തിരുന്നു. കോട്ടയം കളത്തിപ്പടിയിലെ സ്കൂളില്‍ അക്കൗണ്ടന്‍റായിരുന്ന ഷേര്‍ളിക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം ജോലി ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഫോറത്തിന്‍െറ ഉത്തരവെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും കോട്ടയം ഭാരത് ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറ്റില്‍ പഞ്ഞി മറന്നുവെച്ചില്ല. ശസ്ത്രക്രിയയില്‍ പിഴവൊന്നുമില്ല. മറ്റ് കാരണങ്ങള്‍കൊണ്ടാണ് ഷേര്‍ളിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.