ചിലര്‍ക്ക് ഉച്ചയായാലും നേരം വെളുക്കില്ല, ഞാൻ എമ്പുരാൻ കാണും -വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: എമ്പുരാൻ സിനിമക്കെതിരെ ബഹിഷ്കരണാഹ്വാനം ഉയരുന്നതിനിടെ താൻ ചിത്രം കാണുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ‘എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും', വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ നിർമാതാക്കളെ സമ്മർദത്തിലാക്കി സിനിമ റീസെൻസർ ചെയ്യുന്നതിനെതിരെ വി.ഡി. സതീശൻ രംഗത്തുവന്നിരുന്നു. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും സതീശൻ പറഞ്ഞു.
അതേസമയം എമ്പുരാൻ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നേരത്തെ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖർ, ഞായറാഴ്ച രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.