ബ്രെയിൽ ലിപിയിൽ സാക്ഷരത പഠനത്തിന് അവസരം
text_fieldsതൊടുപുഴ: കാഴ്ചപരിമിതി നേരിടുന്നവർക്കായി ജില്ലയിൽ നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരത പദ്ധതിയിൽ ചേരാൻ അവസരം. ജില്ലയിലെ കാഴ്ച പരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നാലു മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
സാമൂഹിക നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. സർവ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കൾക്ക് ബ്രെയിൽ ലിപിയിൽ 160 മണിക്കൂർ ക്ലാസ് നൽകും. ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ബ്രെയിൽ ലിപിയിലേക്ക് തർജമ ചെയ്ത സാക്ഷരത പാഠപുസ്തകമാണ് ബ്രെയിൽ സാക്ഷരത പദ്ധതിക്കായി ഉപയോഗിക്കുന്നത്. 15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിലാണ് ക്ലാസുകൾ സജ്ജമാക്കുന്നത്.
പഠിതാക്കളെ കണ്ടെത്താൻ നടത്തിയ സർവേയിൽ ഉൾപ്പെടാതെ പോയ ബ്രെയിൽ ലിപിയിൽ സാക്ഷരത പഠനം ആഗ്രഹിക്കുന്നവർ ജില്ല പഞ്ചായത്തിലെ സാക്ഷരത മിഷൻ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04862-23 2294. ഇ-മെയിൽ idk.literacy@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.