സന്ദീപ് കോൺഗ്രസിലേക്ക് വരുന്നതിനെ എതിർത്തത് രണ്ടു കാര്യങ്ങളിൽ; തുറന്ന് പറഞ്ഞ് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരുന്നതിനെ താൻ എതിർത്തിരുന്നുവെന്ന കാര്യം തുറന്ന് പറഞ്ഞ് മുതിർന്ന നേതാവ് കെ. മുരളീധരൻ. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്‍റെ വരവിനെ എതിർത്തത്. ഒന്നാമത്തേത് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹം ചെയ്യുമോ എന്ന് പാർട്ടി പരിശോധിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു. താൻ സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണ്. നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജോർജ് കുര്യനും വന്നാലും താൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സി.പി.ഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എതിർ പാർട്ടികൾക്ക് ഷോക്ക് നൽകി കോൺഗ്രസ് പാളയത്തിലെത്തിയത്. സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ പാർട്ടിയിൽ എടുത്തതെന്ന് സുധാകരൻ വ്യക്തമാക്കി.
‘‘ബി.ജെ.പിക്ക് അകത്ത് നിന്നുകൊണ്ട് ചെയ്തതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ വരും. ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവർത്തിച്ച് പറഞ്ഞ എന്നോട് ‘എപ്പോൾ ബി.ജെ.പിയിൽ പോകും’ എന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ‘എനിക്ക് തോന്നുമ്പോൾ ബി.ജെ.പിയിലേക്ക് പോകും’ എന്ന് അന്ന് ഞാൻ രോഷാകുലനായി പറഞ്ഞത്. ഒരിക്കലും പോകില്ല എന്ന് തന്നെയാണ് അതിനർഥം. ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിത്. ബി.ജെ.പിയിൽ നിന്ന് ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താൻ’ -സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.