ദുരന്തത്തിന്‍റെ ദുരനുഭവം ഉൾകൊള്ളാൻ സർക്കാർ തയാറായില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ മുന്നറിയിപ്പ് സംവിധാനം പരാജയമെന്ന് നിയമസഭയിൽ ആവർത്തിച്ച് പ്രതിപക്ഷം. 2018ലെ പ്രളയത്തിൽ നിന്ന് സർക്കാർ പാഠം ഉൾക്കൊണ്ടില്ലെന്നും മുന്നറിയിപ്പ് നൽകുന്നതിൽ ദുരന്ത നിവാരണ അതോറിറ്റിക്ക് വീഴ്ചപറ്റിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രളയം ഉണ്ടായ ശേഷമാണ് റെഡ് അലർട്ട് നൽകിയതെന്നും പ്രളയ മാപ്പിങ് കൃത്യമായി നടത്തിയില്ലെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ദുരന്ത സമയത്ത് ദുരന്തനിവരണ അതോറിറ്റിയുടെ അധ്യക്ഷൻ വിദേശത്തായിരുന്നു. ഒാഖി വന്നപ്പോഴും അദ്ദേഹം വിദേശത്തായിരുന്നു. അധ്യക്ഷന് വിദേശകാര്യത്തിന്‍റെ ചുമതലയാണോ എന്നും തിരുവഞ്ചൂർ ചോദിച്ചു.
പ്രളയത്തിന് ശേഷം 12,836 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നു. എന്നാൽ, ചെലവഴിച്ചത് 5,000 കോടി മാത്രമാണ്. ദുരന്തത്തിന്‍റെ ദുരനുഭവം ഉൾകൊള്ളാൻ സർക്കാർ തയാറായില്ല. ആദ്യ പ്രളയത്തിന് ശേഷം ഹരിത സുരക്ഷിത സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. എത്ര സൈക്ലോൺ ഷെർട്ടറുകൾ സംസ്ഥാനത്ത് നിർമ്മിച്ചെന്നും ദുരന്ത നിവാരണ പരിശീലനത്തിന് കിലക്ക് നൽകിയ ഫണ്ട് എന്ത് ചെയ്തെന്നും തിരുവഞ്ചൂർ ചോദിച്ചു.
പ്രളയ സമയത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത് ഗ്രീൻ അലർട്ട് മാത്രമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. എല്ലാ വകുപ്പുകൾക്കും ദുരന്ത പ്രതികരണ മാർഗരേഖ നൽകിയിരുന്നു. ശരിയായ നടപടി സ്വീകരിച്ചിരുന്നു. പ്രകൃതി ദുരന്തത്തിൽ 55 ജീവനുകൾ നഷ്ടപ്പെട്ടു. 16 മുതൽ 17 വരെ പീരുമേട് മേഖലയിലാണ് ശക്തമായ മഴ പെയ്തത്. തുടർച്ചയായി പെയ്ത മഴ രക്ഷാപ്രവർത്തനതത്തിന് തടസമായെന്നും റവന്യൂ മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിൽ പ്രളയ സമയത്ത് കേന്ദ്രം ഒരു തരത്തിലുമുള്ള മുന്നറിയിപ്പും നൽകിയിരുന്നില്ല. അതിനാൽ ദുരന്ത പ്രതികരണസേനയെ ഒാറഞ്ച് അലർട്ട് നൽകിയിരുന്ന സ്ഥലങ്ങളിലാണ് വിന്യസിച്ചിരുന്നത്. മോശം കാലാവസ്ഥ കാരണം വ്യോമസേന ഹെലികോപ്റ്ററുകൾക്ക് യഥാസമയം സ്ഥലത്തെത്താൻ സാധിച്ചില്ല. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും േചർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പാണ് സർക്കാർ ഔദ്യോഗികമായി എടുക്കുന്നത്. മറ്റ് ഏജൻസികൾക്കും 16ാം തീയതിയിലെ മഴ മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. ഒക്ടോബർ 16 രാവിലെ 10 മണി വരെ കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പിൽ കേരളത്തിൽ ഒരിടത്തും റെഡ് അലർട്ട് നൽകിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കർ നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.