ലൈഫ്: സർക്കാറും സ്വർണക്കടത്ത് കേസ് പ്രതികളും ചേർന്നുള്ള അഴിമതിയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: വിവാദമായ ലൈഫ് പാർപ്പിട പദ്ധതിയിലെ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉദ്യോഗസ്ഥർക്കുള്ള പങ്ക് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ൈലഫ് പദ്ധതിയിൽ സംസ്ഥാന സർക്കാറും സ്വർണക്കടത്ത് കേസ് പ്രതികളും ചേർന്നുള്ള അഴിമതിയാണ് നടന്നതെന്ന് വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര ആരോപിച്ചു.
വടക്കാഞ്ചേരി പദ്ധതിയിൽ കോടികളുടെ അഴിമതിയുണ്ട്. വടക്കാഞ്ചേരിയിൽ ഭൂമി വാങ്ങിയപ്പോൾ തന്നെ ആക്ഷേപമുണ്ടായി. മന്ത്രി എ.സി മൊയ്തീൻ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. ചരല്‍പ്പറമ്പില്‍ ഭൂമി വാങ്ങിയപ്പോള്‍ത്തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നെന്ന് അനില്‍ അക്കര സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് റെഡ് ക്രസന്‍റ് പദ്ധതിയിലേക്ക് വന്നതെന്ന് രേഖകളുണ്ട്.
ഫ്ളാറ്റ് പണിയാന്‍ 2019 ജൂലൈയില്‍ സര്‍ക്കാര്‍ 15 കോടിരൂപ അനുവദിച്ച സമയത്തു തന്നെ റെഡ്ക്രസന്‍റുമായി കരാര്‍ ഒപ്പിടുകയും ചെയ്യുന്നു. ഇതെങ്ങനെ സാധ്യമാകുമെന്ന് അനില്‍ അക്കര ചോദിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ എത്ര ഗുണഭോക്താക്കളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തങ്ങള്‍ക്ക് അനുകൂലമാണ് കോടതി വിധിയെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നില്ലെന്നും അനില്‍ അക്കര ചോദിച്ചു.
വടക്കഞ്ചേരി പദ്ധതിയിൽ ലൈഫ് മിഷന് സാമ്പത്തിക ഉത്തരവാദിത്തമില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ വിശദീകരിച്ചു. പദ്ധതിയെ ആകെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാമെന്ന് യു.എ.ഇ റെഡ് ക്രെസന്‍റ് താൽപര്യം അറിയിച്ചപ്പോഴാണ് സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചത്. ലൈഫ് പാർപ്പിട പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും പൊതുപ്രവർത്തകന് ക്രമക്കേടിൽ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. പദ്ധതിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സർക്കാറിന് ഒരു തരത്തിലുമുള്ള ബാധ്യതയില്ല. ഹൈകോടതി വിധിയിൽ സർക്കാർ നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി എ.സി മൊയ്തിന്‍റെ ആരോപണം തള്ളിയ അനിൽ അക്കര പാർപ്പിട പദ്ധതിയെ ഒരിക്കൽ പോലും എതിർത്തിട്ടില്ലെന്ന് വ്യക്തമാക്കി. പാവങ്ങൾക്ക് ഭവനം നൽകുന്ന പദ്ധതിയെ ഒരിക്കലും എതിർത്തിട്ടില്ല. പദ്ധതിയിലെ ക്രമക്കേടാണ് ചൂണ്ടിക്കാട്ടുന്നതെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.