അശാസ്ത്രീയ കോവിഡ് ഇളവുകൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പാളിച്ചകളും ചൂണ്ടിക്കാട്ടി നിയമസഭയിൽ അടിയന്തര പ്രമേയം. അശാസ്ത്രീയ നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രതിപക്ഷത്തു നിന്ന് അവതരണാനുമതി തേടിയ കെ. ബാബു ആരോപിച്ചു. നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഇടാക്കുകയാണ്. സർക്കാർ ഉത്തരവിൽ മാറ്റം വരുത്തണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.
മൂന്നു വിഭാഗത്തിൽ ഉൾപ്പെടുന്നവർ കടകളിൽ പോകുന്നതാണ് അഭികാമ്യമെന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ, ഉത്തരവിറങ്ങിയപ്പോൾ അഭികാമ്യം എന്നത് നിർബന്ധം എന്നായി മാറി. ചീഫ് സെക്രട്ടറി പറയുന്നതാണോ മന്ത്രി പറയുന്നതാണോ ജനങ്ങൾ വിശ്വസിക്കേണ്ടത്. വളരെ പ്രതീക്ഷയോടെ ഇരുന്ന ജനങ്ങൾക്ക് ഉത്തരവ് വന്നതോടെ വലിയ നിരാശ ഉണ്ടായി. സർക്കാറിന്‍റെ ഉത്തരവ് പ്രകാരം യുവാക്കൾ വീട്ടിലിരിക്കുകയും പ്രായമായവർ പുറത്തേക്ക് ഇറങ്ങുകയും വേണം. വാക്സിൻ എടുത്ത യുവാക്കൾ കുറവാണ്. അതിനാൽ അവർക്ക് പുറത്തിറങ്ങാനാവില്ലെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.
പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ വിശദീകരിച്ചു. നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. കോവിഡിന്‍റെ രണ്ടാം തരംഗം പൂർണമായി അവസാനിച്ചിട്ടില്ല. വാക്സിനേഷൻ പൂർത്തിയാകുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടായാൽ നിയന്ത്രിക്കാൻ സാധിക്കാതെ വരും. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ആണ് കേരളത്തിലുള്ളത്. എല്ലാ കാലവും ലോക്ഡൗണിലൂടെ മുന്നോട്ടു പോകാനാവില്ല. അതു കൊണ്ടാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കുറച്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പൊലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങുമെന്ന് സതീശൻ ചോദിച്ചു. 'പെറ്റി സർക്കാർ' എന്ന് ചരിത്രത്തിൽ പേര് വീഴുമെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കെ. ബാബു വിഷയം അവതരിപ്പിക്കുന്നതിനിടെ സ്പീക്കർ മൈക്ക് ഒാഫ് ചെയ്തതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. ഇതിനിടെ, സമ്മർദത്തിലാക്കാൻ ശ്രമിക്കേണ്ടെന്ന് സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.