മുട്ടിൽ മരംമുറി: സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ഉന്നതതല ഗൂഢാലോചന നടന്നെന്ന് ആരോപിച്ച അവർ ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
കോടികളുടെ മരംകൊള്ള സമ്മതിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രൻ സർക്കാറിെൻറ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചതെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. പി.ടി. തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് മന്ത്രിമാരുടെ മറുപടിയെതുടർന്ന് സ്പീക്കർ തള്ളിയിരുന്നു. തെൻറ കാലത്തല്ല മരംമുറിയെന്ന് ആവർത്തിച്ച വനം മന്ത്രി, മേയ് 20ന് ചുമതലയേറ്റശേഷമാണ് സംഭവം അറിയുന്നതെന്ന് വ്യക്തമാക്കി. ദുർവ്യാഖ്യാനം ചെയ്ത സാഹചര്യത്തിലാണ് ഒക്ടോബറിലെ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് റദ്ദാക്കിയതെന്ന് റവന്യൂ മന്ത്രി കെ. രാജനും പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുകടത്തിയത് കർഷകരെയും ആദിവാസികളെയും കബളിപ്പിച്ചാണെന്ന് പി.ടി. തോമസ് ആരോപിച്ചു. മരം മുറിക്കാന്‍ പാടില്ലെന്നതരത്തില് സെക്രട്ടേറിയറ്റിലെ റവന്യൂ വിഭാഗത്തില്‍ രൂപംകൊണ്ട ഉത്തരവ് തിരുത്തി. ലോക്ഡൗണിൽ എറണാകുളത്തെ ഡിപ്പോയില്‍ എത്തുംവരെ എല്ലാ ചെക് പോസ്റ്റുകളും നിശ്ശബ്ദമായിരുന്നു. വനം മന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നോ എന്ന് വ്യക്തമാക്കണം. ഒരു മാധ്യമ സ്ഥാപനത്തിലെ പ്രമുഖന് ഇടനിലക്കാരനായി നിന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മരംമുറി അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ടി. സിദ്ദീഖും ആരോപിച്ചു. തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉത്തരവ് ആരുടെ നിർദേശപ്രകാരമാെണന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. തടി പിടിച്ച റേഞ്ച് ഓഫിസറെ ഐ.എഫ്.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. സെക്രേട്ടറിയറ്റിൽ വനം കൊള്ളക്കാരുടെ ഏജൻറുമാരുണ്ട്. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ നിയമഭേദഗതിയാണ് കൊണ്ടുവരേണ്ടത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.