ഒാരോ താലൂക്കിനെയും ഒാരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ടത്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ തവണ ഒാപ്പൺ സ്കൂളിനെ ആശ്രയിച്ചതിനേക്കാൾ മൂന്നിരട്ടി കുട്ടികൾ ഇത്തവണ ഒാപ്പൺ സ്കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലക്ഷത്തിലധികം കുട്ടികൾക്ക് പ്ലസ്വൺ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഈ വർഷം സംസ്ഥാനത്തുള്ളതെന്നും അവർ പറഞ്ഞു.
പ്ലസ്വണിന് ഈ വർഷം പുതിയ ബാച്ച് അനുവദിക്കില്ലെന്ന തീരുമാനത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
സംസ്ഥാനത്തെയാകെ ഒരു യൂണിറ്റായി കണ്ടാണ് സർക്കാർ സീറ്റുകളുടെ എണ്ണം സംബന്ധിച്ച കണക്ക് പറയുന്നത്. ഇത് ഒട്ടും പ്രായോഗികമല്ല. ഒാരോ താലൂക്കിനെയും ഒാരോ യുണിറ്റായി കണ്ട് സീറ്റുകൾ ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ഉയർന്ന മാർക്കോടെ വിജയിച്ചവർക്ക് പോലും പ്ലസ്വണ്ണിന് ആഗ്രഹിച്ച വിഭാഗത്തിൽ സീറ്റില്ലാത്ത സ്ഥിതിയാണെന്ന് അവർ പറഞ്ഞു.
സീറ്റ് വർധിപ്പിക്കുന്നതിന് പകരം മറ്റു പരിഹാരങ്ങൾ കാണണമെന്ന് കോടതി തന്നെ നേരത്തെ ആവശ്യപ്പെട്ടതാണ്. ബാച്ചുകളുടെ എണ്ണം കൂട്ടണം. 50 കുട്ടികൾക്ക് മാത്രമായി സജീകരിച്ച ക്ലാസിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നത് ശാസ്ത്രീയമല്ല.
ബാച്ചുകൾ വർധിപ്പിച്ച് കുട്ടികൾക്ക് സീറ്റുറപ്പാക്കുന്നതിന് പകരം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സർക്കാറിേന്റത്. സംസ്ഥാനത്തെ രക്ഷിതാക്കളുടെ ആശങ്കയാണ് പ്രതിപക്ഷം സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന ഈ വിഷയത്തിൽ സർക്കാറിന് നിഷേധാത്മക നിലപാടാണെന്നും ഇരുവരും നിയമസഭ മീഡിയറൂമിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.