കെ.ടി. ജലീൽ രാജിവെക്കേണ്ടി വരുമോ?
text_fieldsകോഴിക്കോട്: ഇ.ഡി ചോദ്യം ചെയ്തുവെന്ന വാർത്ത പുറത്തുവന്നതോടെ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിെൻറ രാജിക്ക് സമർദമേറുകയാണ്. പ്രതിപക്ഷം ഒന്നടങ്കം മന്ത്രിയുടെ രാജിക്കുവേണ്ടി ആവശ്യമുന്നയിച്ചുകൊണ്ട് സമരരംഗത്താണ്. യൂത്ത് കോൺഗ്രസും യുവമോർച്ചയും മന്ത്രിയുടെ രാജിക്കുവേണ്ടി തെരുവിലിറങ്ങി കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സംഘർഷഭരിതമായി. കോഴിക്കോട്ടും എറണാകുളത്തും പ്രതിപക്ഷ സംഘടനകൾ മന്ത്രിയുടെ കോലം കത്തിച്ചു. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
ഇ.ഡി മന്ത്രിയെ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, നയതന്ത്ര ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാനാണന്നാണ് സി.പി.എം വാദം. അതുകൊണ്ടുതന്നെ രാജി ആവശ്യത്തെ അവർ നിരാകരിക്കുന്നു. എന്നാൽ എന്തുകൊണ്ട് രഹസ്യമായി ഇ.ഡി ഓഫിസിലേക്ക് പോയി എന്ന ചോദ്യത്തിന് അവർ ഉത്തരം പറയുന്നുമില്ല. ഇ.ഡിയിൽ നിന്ന് ഒരു തരത്തിലുമുള്ള നോട്ടീസും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇതുവരെ കെ.ടി. ജലീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നത്.
മന്ത്രി വ്യാഴാഴ്ച കൊച്ചിയിൽ എത്തുകയും വെള്ളിയാഴ്ച രാവിലെ അരൂരിലെ വ്യവസായ സുഹൃത്തിെൻറ കാറിൽ ആലുവ ഇ.ഡി ഓഫിസിൽ എത്തുകയും ചെയ്തതോടെ നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന വാദം വാസ്തവമായിരുന്നില്ലെന്ന് വ്യക്തമാകുകയാണ്. മൂന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധം, പ്രോട്ടോകോൾ ലംഘനം, കോൺസൽ ജനറലുമായുള്ള സ്വകാര്യ ബന്ധങ്ങൾ, മതഗ്രന്ഥം വന്നതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവെന്നാണ് പ്രാഥമിക വിവരം.
അതേസമയം, മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധം രാജിസമർദത്തെ അതിജീവിക്കാൻ കെ.ടി. ജലീലിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. കെ.ടി. ജലീൽ ഇ.ഡി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി പരിശോധിച്ചതിനുശേഷം വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്തേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. അങ്ങിനെ വന്നാൽ, അതുവരെയേ സി.പി.എമ്മിന് മന്ത്രിയെ സംരക്ഷിക്കാനും കഴിയൂ. രണ്ടാമതും ചോദ്യം ചെയ്യലിന് വിളിച്ചാൽ സർക്കാറിെൻറ പ്രതിച്ഛായക്ക് വളരെയധികം കോട്ടം തട്ടും. ഇത്തരമൊരു കേസിൽ ഒരു മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് കേരളത്തിൽ ആദ്യമായാണെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ജലീലിെൻറ രാജിക്കാര്യത്തിൽ സി.പി.ഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടിമില്ല. എന്നാൽ, യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടുയർന്ന വിവാദം സർക്കാറിെൻറ പ്രതിച്ഛായ തകർക്കുന്നതിലേക്ക് നയിച്ചതിൽ കെ.ടി. ജലീലിെൻറ ഇടപടലുകൾ കാരണമായി എന്ന അതൃപ്തി സി.പി.ഐ നേതൃത്വത്തിലെ പലരും ഉയർത്തുന്നുണ്ട്. വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിക്കപ്പെട്ടാൽ സി.പി.ഐക്ക് മൗനം വെടിയേണ്ടിവരികയും സി.പി.എമ്മിെൻറ പ്രതിരോധം ദുർബലമാകുകയും രാജിയെ അനിവാര്യമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.