സമസ്തയടക്കമുള്ള മതസംഘടനകളുടെ എതിർപ്പ്; ലിംഗസമത്വ പ്രതിജ്ഞയിൽനിന്ന് പിൻമാറി കുടുംബശ്രീ
text_fieldsസമസ്ത അടക്കമുള്ള മതസംഘടനകളുടെ എതിര്‍പ്പുയര്‍ന്നതോടെ ലിംഗസമത്വ പ്രതിജ്ഞ പിൻവലിക്കാനൊരുങ്ങി കുടുംബശ്രീ. ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫിസില്‍നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ പ്രതിജ്ഞ തയ്യാറാക്കി നല്‍കുമെന്നും അതിനുശേഷം പ്രതിജ്ഞയെടുത്താൽ മതിയെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയില്‍ സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന ഭാഗമാണ് വിവാദത്തിനിടയാക്കിയത്.
ഈ പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവരുടെ വാദം. സമസ്തക്ക് പുറമേ കെ.എന്‍.എം മര്‍ക്കസുദ്ദഅ്‍വ, വിസ്ഡം അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. ശരീഅത്ത് നിയമപ്രകാരം പുരുഷന് ഇരട്ടിസ്വത്തും സ്ത്രീക്ക് പകുതി സ്വത്തിനുമാണ് അവകാശം. ഇത് ഇന്ത്യയിലെ മുസ്ലീം വ്യക്തിനിയമം അനുവദിക്കുന്നതാണെന്നും പുതിയ പ്രതിജ്ഞ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായുള്ള സര്‍ക്കാരിന്റെ കൈസഹായമാണെന്നും ആരോപണമുയര്‍ന്നിരുന്നു. വിവാദം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പ്രതിജ്ഞയിൽനിന്നും പിൻമാറിയത്.
വിഷയത്തിൽ നാസർ ഫൈസി കൂടത്തായി എഴുതിയ കുറിപ്പ്:
ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു കുടുംബശ്രീ
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകൾ... തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പയിന്റെ ഭാഗമായി കേരള സർക്കാർ 2022 നവംബർ 25 മുതൽ ഡിസംബർ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികൾ നടത്തുമ്പോൾ ശ്രേഷ്ടകരമായ പലതിനോടും ചേർത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ജില്ലാ മിഷൻ കോ-ഓഡിനേറ്റർ നൽകുന്ന സർക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിർദേശമുണ്ട്. പ്രതിജ്ഞയുടെ അവസാന ഭാഗത്തിൽ
"നമ്മൾ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകും" എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുകയാണ്. ഖുർആൻ പറയുന്നത്: " ആണിന് രണ്ട് പെണ്ണിൻറേതിന് തുല്യമായ ഓഹരിയാണുള്ളത്"
(അന്നിസാഅ്: 11)
സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭർത്താവിന്റെയും മകന്റെയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്. എന്നാൽ പിതാവിന്റെ സ്വത്തിൽ അവർക്ക് പുരുഷന്റെ (സഹോദരന്റെ) പകുതിയാക്കിയത് വിവേചനമല്ല.
സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭർത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കിൽ പോലും അവരുടേയും ഭർത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭർത്താവിനാണ്. ഒരു ചില്ലിക്കാശും ചെലവിനത്തിൽ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാൻ അവകാശം നൽകുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലർ ആരോപിച്ച് വന്നത്.
ജെൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റെയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.