പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷ നേതാവിനും കൂട്ടർക്കും മറുപടിയില്ല -മന്ത്രി തോമസ് ഐസക്ക്
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഒളിച്ചുകളി കൈയോടെ പിടിക്കപ്പെട്ടതിെൻറ ജാള്യം മറക്കാൻ വീണേടത്ത് കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് െഎസക്ക്. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടർക്കും മറുപടിയില്ല.
അതിനുപകരം സി.എ.ജിയുടെ കരട് റിപ്പോർട്ടിലെ പരാമർശത്തിെൻറ പേരിൽ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരട് റിപ്പോർട്ടിെൻറ മറവിൽ സി.എ.ജി അസംബന്ധം എഴുന്നെള്ളിച്ചാൽ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. അതിനിയും ചെയ്യും.
എന്ന് മുതലാണ് സി.എ.ജിയുടെ കരടു റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യു.ഡി.എഫിനും പവിത്ര രേഖയായത്? ലാവലിൻ ഓർമയുണ്ടല്ലോ. സി.എ.ജിയുടെ കരട് റിപ്പോർട്ടിലെ പരാമർശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാർത്ഥ റിപ്പോർട്ടിൽ അങ്ങനെയൊരു പരാമർശമുണ്ടോ?
ചെലവഴിച്ച തുകക്ക് ആനുപാതിക നേട്ടമുണ്ടായില്ല എന്നാണ് അന്തിമ റിപ്പോർട്ടിലെ പരാമർശം. 'കൃത്യമായ നേട്ടങ്ങൾ നൽകിയില്ല' എന്നാണ് പരാമർശം. എന്നുവെച്ചാൽ നേട്ടമുണ്ടായി, പക്ഷേ, ചെലവിന് ആനുപാതികമല്ല എന്ന്. പക്ഷേ, കരട് റിപ്പോർട്ടിൽ '374.50 കോടി രൂപയുടെ മുഴുവൻ ചെലവും പാഴായിപ്പോയി' എന്നായിരുന്നു.
ആ പരാമർശം വെച്ചല്ലേ ഇക്കണ്ട ആഘോഷമെല്ലാം നടത്തിയത്? കരട് റിപ്പോർട്ടിലെ ലക്കും ലെഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണ്. ഇനിയത് അനുവദിച്ച് തരാനാവില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ആഭ്യന്തര മന്ത്രിയെ മറികടന്ന് അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ലാവലിൻ കേസിൽ ഉപഹർജി നൽകിയ സംഭവം പ്രതിപക്ഷ നേതാവിന് ഓർമയുണ്ടാകുമല്ലോ. ആ ഹർജിയിലും കരട് റിപ്പോർട്ടിലെ പരാമർശമാണ് എഴുതിപ്പിടിപ്പിച്ചത്.
കോപ്പി കൈയിലുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പരിശോധിച്ചു നോക്കൂ. ലാവലിൻ കരാർ സംബന്ധിച്ച് സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പോലും മുതലെടുപ്പ് ശ്രമങ്ങൾക്ക് ഉപയോഗിച്ചത് കരട് റിപ്പോർട്ടിലെ പരാമർശങ്ങളാണ്. ആ കളി ഇനി അനുവദിക്കാനാവില്ല.
സി.എ.ജിയുടെ കരട് റിപ്പോർട്ടിലെ പരാമർശം രാഷ്ട്രീയ ആയുധമാക്കി ലാവലിൻ കേസിൽ സി.പി.എമ്മിനെ വേട്ടയാടിയവരുടെ സാരോപദേശമൊക്കെ കൈയിൽ വെച്ചിരുന്നാൽ മതി. പ്രശ്നം, കരട് റിപ്പോർട്ടിലെ പരാമർശത്തിന് നിയമത്തിെൻറയും വ്യവസ്ഥയുടെയും കീഴ്വഴക്കങ്ങളുടെയും യുക്തിയുടെയും പിൻബലമുണ്ടോ എന്നാണ്. കരട് റിപ്പോർട്ടിെൻറ വിശുദ്ധിയൊക്കെ നമുക്ക് നിയമസഭയിൽ വഴിയേ ചർച്ച ചെയ്യാം.
ഞാനുയർത്തിയത് ഗുരുതരമായ പ്രശ്നമാണ്. സംസ്ഥാനത്തിെൻറ ഭാവിയെയും അധികാരത്തെയും സംബന്ധിച്ചാണത്. ഉത്തരവാദിത്തമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടത് അതിനെക്കുറിച്ചാണ്. സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്ക് ആർ.ബി.ഐയുടെയും സെബിയുടെയും നിയമങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ അധികാരമുണ്ടോ? എന്താണ് യു.ഡി.എഫിെൻറ നിലപാട്? ആ അടിസ്ഥാന ചോദ്യത്തോട് നിങ്ങൾ കേരള ജനതക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയേ മതിയാകൂ -തോമസ് െഎസക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.