Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പിക്കെതിരായ...

ഇ.പിക്കെതിരായ ആരോപണങ്ങളിലുറച്ച് വി.ഡി. സതീശൻ: ‘തെളിവുകൾ കയ്യിലുണ്ട്, കൈവശമുള്ള ചിത്രങ്ങൾ ഒറിജിനൽ’

text_fields
bookmark_border
ഇ.പിക്കെതിരായ ആരോപണങ്ങളിലുറച്ച് വി.ഡി. സതീശൻ: ‘തെളിവുകൾ കയ്യിലുണ്ട്, കൈവശമുള്ള ചിത്രങ്ങൾ ഒറിജിനൽ’
cancel

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ത​​െന്റ കൈയ്യിൽ തെളിവുകളുണ്ട്. കൈവശമ​ുള്ള ചിത്രങ്ങൾ ഒറിജനാലാണെന്നും സതീശൻ പറഞ്ഞു. എനിക്കെതി​രെ മോശമായ ​പ്രയോഗങ്ങൾ നടത്തുന്നതിനെ കുറിച്ച് ഒന്ന് പറയാനില്ല.

അദ്ദേഹം ഒന്ന് കണ്ണാടിക്ക് മുൻപിൽ പോയിരുന്ന് നോക്കിയാൽ മതി. ഇ.പി ഒരു പാവമാണ്. ബി.ജെ.പിക്ക് വേണ്ടി മുഖ്യമന്ത്രി ഇ.പി. ജയരാജനെകൊണ്ട് പറയിക്കുന്നതാണെന്നാണെ​െൻറ വിശ്വാസം. ഇ.പി. ജയരാജ​െൻറ കുടുംബത്തിന് ഓഹരിയുള്ള വൈദേഹം റിസോർട്ടും ബി.ജെ.പിക്ക് സ്ഥാനാർഥി രാജീവ് ച​ന്ദ്ര​ശേഖര​െ​െൻറ നിരാമയ റിസോർട്ടും തമ്മിൽ ബന്ധമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. അന്ന്, അത് നിഷേധിച്ച ഇ.പി ജയരാജൻ അങ്ങനെ ഉണ്ടെങ്കിൽ ആ ഓഹരി വി.ഡി. സതീശന് നൽകാമെന്നാണ് പറഞ്ഞത്. ഇന്ന്, ഭാര്യക്ക് വൈദേഹം റിസോർട്ടിൽ ഓഹരിയുണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. ഇ.ഡി. വൈദേഹത്തിൽ കയറി പരിശോധന നടത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറി​െൻറ കമ്പനിയുമായി ബന്ധ​മുണ്ടായത്. വൈദേഹം റിസോർട്ടുമായി രാജീവ് ച​ന്ദ്രശേഖറിന് ബന്ധമുണ്ടെന്ന് ​തെളിയിക്കുന്ന ചിത്രങ്ങളുൾപ്പെടെ എ​െൻറ കൈയിലുണ്ടെന്ന് സതീശൻ പറഞ്ഞു.

വാർത്താസമ്മേളനം പൂർണ രൂപത്തിൽ: ഇ.പി ജയരാജനും കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇ.പി ജയരാജന്‍ ശരി വച്ചിരിക്കുകയാണ്. തനിക്കോ തന്റെ ഭാര്യയ്‌ക്കോ ഷെയര്‍ ഉണ്ടെങ്കില്‍ അത് പ്രതിപക്ഷ നേതാവിനും ഭാര്യയ്ക്കും നല്‍കാമെന്ന് പറഞ്ഞിരുന്ന ജയരാജന്‍ ഇന്ന് തന്റെ ഭാര്യയ്ക്ക് വൈദേകത്തില്‍ ഷെയര്‍ ഉണ്ടെന്ന് സമ്മതിച്ചു. എനിക്കും എന്റെ കുടുംബത്തിനും ജയരാജന്റെ ഷെയര്‍ വേണ്ട. ജയരാജന്റെ ഭാര്യയ്ക്ക് ഷെയറുള്ള റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയ ശേഷമാണ് വൈദേകം- നിരാമയ റിസോര്‍ട്ടെന്ന് പേര് മാറ്റിയത്. സി.പി.എം - ബി.ജെ.പി റിസോര്‍ട്ടെന്ന് പേരിടുന്നത് പോലെയാണിത്.

സമുന്നതനായ സി.പി.എം നേതാവും ബി.ജെ.പി നേതാവും തമ്മില്‍ ഒരു ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് അനുവദിക്കുന്ന പാര്‍ട്ടിയാണോ സി.പി.എം? ഇത്തരം ബിസിനസിനെ കുറിച്ച് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അറിഞ്ഞില്ലേ? കേരളത്തില്‍ ബി.ജെ.പി പല സ്ഥലങ്ങളിലും ബി.ജെ.പി രണ്ടാ സ്ഥാനത്ത് വരുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മിടുമിടുക്കന്‍മാരാണെന്നും ജയരാജന്‍ പറഞ്ഞപ്പോഴാണ് ഇതിന് പിന്നിലെ ബന്ധം എന്തെന്ന് ഞങ്ങള്‍ അന്വേഷിച്ചത്. അപ്പോഴാണ് ബിസിനസ് ബന്ധം ഉണ്ടെന്ന് മനസിലായത്. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് പോലും വെല്ലുവിളിച്ചു. കേസ് കൊടുത്താല്‍ രേഖകള്‍ ഹാജരാക്കാമെന്ന് പറഞ്ഞു. നിരാമയ- വൈദേകം റിസോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പടം എല്ലാവരുടെയും കയ്യിലുണ്ട്. ഇപ്പോള്‍ ജയരാജന്‍ പുറത്തുവിട്ട മോര്‍ഫ് ചെയ്ത പടത്തെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പുറത്ത് വിട്ട പടം മോര്‍ഫ് ചെയ്തവര്‍ക്കെതിരെ കേസെടുക്കട്ടെ. പക്ഷെ ഇപ്പോള്‍ കേസെടുക്കാന്‍ ധൃതി കാട്ടുന്ന സി.പി.എം ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഒരു ഡസനിലധികം കേസുകളില്‍ നടപടി എടുത്തില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഉള്‍പ്പെടെ എത്രയോ വനിതാ നേതാക്കളെ അപമാനിച്ചു. എന്നിട്ടും കേസെടുത്തില്ല. ഞാന്‍ പറഞ്ഞ ഫോട്ടോ ജയരാജന്‍ കാട്ടിയ വ്യാജ ഫോട്ടോയല്ല. അയ്യങ്കാളിയുടെ മുഖവും നായയുടെ ഉടലുമായി ചിത്രം പ്രചരിപ്പിച്ചിട്ട് ഈ സര്‍ക്കാര്‍ പ്രതിയെ കണ്ടെത്തിയോ? നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിയെ ഇപ്പോള്‍ പിടിക്കുമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അവര്‍ക്കെതിരെ ചെറു വിരല്‍ അനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

നിരാമയയുമായി രാജീവ് ചന്ദ്രശേഖറിനോ കുടുംബത്തിനോ ബന്ധമുണ്ടോയെന്നാണ് ജയരാജന്‍ ഇപ്പോള്‍ ചോദിക്കുന്നത്. പണ്ട് സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്നും പണം കിട്ടിയപ്പോഴും ഇതു പോലെയാണ് സംസാരിച്ചത്. പിന്നീട് അത് തിരിച്ചു കൊടുത്തു. ജയരാജന്റെ എല്ലാ ആക്ഷേപങ്ങള്‍ക്കും മറുപടി പറയുന്നില്ല. ജയരാജന്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നിരവധി സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമൊക്കെ ജയരാജന്റെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ അയച്ചു തരുന്നുണ്ട്. സാന്റിയാഗോയുടെ കയ്യില്‍ നിന്നും പണം വാങ്ങിയതും ലിസ് വിവാദവും വി.എസ് ഷേഡി ക്യാരക്ടര്‍ എന്ന് പറഞ്ഞ ബിസിനസുകാരനുമായുള്ള ബന്ധവും ചിറ്റപ്പന്റെ റോള്‍ എടുത്തതും ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളുണ്ട്. അതിലേക്കൊന്നും പോകുന്നില്ല.

കേരളത്തെയും തമിഴ്‌നാടിനെയും അപമാനിച്ച കര്‍ണാടകത്തിലെ ബി.ജെ.പി നേതാവ് തമിഴ്‌നാടിനോട് മാപ്പ് പറഞ്ഞു. എന്നിട്ടും നമ്മുടെ സംസ്ഥാനത്തെ അപമാനിച്ചതില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് നാണമില്ലേ. കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടാന്‍ തന്റേടമുള്ള ഒരു ബി.ജെ.പി നേതാവും സംസ്ഥാനത്ത് ഇല്ലേ? കേരളത്തിന് അപമാനകരമായ പ്രതികരണം ബി.ജെ.പി നേതാവ് ശോഭ കരന്ദലജെ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാത്തത് അദ്ഭുതകരമാണ്. എത്ര വേഗത്തിലാണ് തമിഴ്‌നാട് പ്രതികരിച്ചത്. കേരളത്തിലെ പ്രതിപക്ഷം പ്രതികരിച്ചിട്ടും സര്‍ക്കാര്‍ മിണ്ടിയില്ല. പേടിച്ചിട്ടാണ് കേരള സര്‍ക്കാര്‍ ഇതിനെതിരെ പ്രതകരിക്കാത്തത്.

വൈദേകം റിസോര്‍ട്ടില്‍ നടന്ന ഇ.ഡി റെയ്ഡ് സെറ്റില്‍ ചെയ്യാനാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുത്തത്. ഇങ്ങനെ ഭയപ്പെടുത്തിയാണോ വൈദേകവുമായി കരാര്‍ ഉണ്ടാക്കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയണം. ഇതിനൊക്കെയാണോ നിങ്ങള്‍ ഇ.ഡിയെ ഉപയോഗിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ കുടുംബവുമായി ബിസിനസ് ബന്ധമുണ്ടാക്കിയതില്‍ തെറ്റില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തില്‍ സി.പി.എമ്മാണ് മറുപടി പറയേണ്ടത്.

എം.വി ഗോവന്ദന്‍ നടത്തിയ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയുടെ സപ്തതിയില്‍ പങ്കെടുത്ത് ഷാള്‍ അണിയിച്ച ആളാണ് ജയരാജന്‍. എന്നിട്ടാണ് ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്ന് ജയരാജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എനിക്കെതിരെ മോശം പദപ്രയോഗം നടത്തുന്ന ജയരാജന്‍ കണ്ണാടിയില്‍ നോക്കിയാല്‍ ഈ ചിത്രമൊക്കെ തെളിഞ്ഞുവരും. ജയരാജന്‍ എന്റെ എതിരാളിയൊന്നുമല്ല. അദ്ദേഹം പാവമാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ആ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. പിണറായി ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല.

കേരളത്തിലെ ബി.ജെ.പി നേതൃത്വം ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കേസില്‍ പിടിച്ചെടുത്ത പണം ഇന്‍കം ടാക്‌സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഇന്‍കം ടാക്‌സ് ഡയറക്ടര്‍ ജനറല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുഴപ്പണ കേസ് അന്വേഷണം എവിടെ പോയി? പ്രധാനപ്പെട്ട ഒരു ബി.ജെ.പി നേതാക്കളും കേസില്‍ പ്രതികളല്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും ഒരാള്‍ പോലും പ്രതിയായില്ല. കുഴല്‍പ്പണ കേസ് ഒതുക്കി തീര്‍ത്ത് ലാവലിന്‍, സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴ, കരുവന്നൂര്‍ തട്ടിപ്പ്, മാസപ്പടി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്നും സി.പി.എം നേതാക്കള്‍ രക്ഷപ്പെടുന്ന പരസ്പര സഹകരണ സംഘമായി സി.പി.എമ്മും ബി.ജെ.പിയും മാറിയിരിക്കുകയാണ്. ഇവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ച് ആര്‍.എസ്.എസ് മുഖപത്രത്തിന്റെ ചുമതലയുണ്ടായിരുന്ന ബലശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ബന്ധം ഇപ്പോഴും തുടരുകയാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബി.ജെ.പിയുടെ എണ്ണം കൂട്ടി ബി.ജെ.പി നേതാക്കളെ സന്തോഷിപ്പിക്കാനാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നത്.

പത്തനംതിട്ടയില്‍ ഇന്നലെ സി.പി.എമ്മിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവും ആയിരുന്ന ആളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സമരാഗ്നിയില്‍ എത്രയോ പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മലപ്പുറത്തും സി.പി.എമ്മില്‍ നിന്ന് നിരവധി പേര്‍ കോണ്‍ഗ്രസിലെത്തി. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ആഘോഷിക്കുന്നത് കേരളത്തിലെ സി.പി.എമ്മാണ്. വിശ്വനാഥ മേനോനും അല്‍ഫോണ്‍സ് കണ്ണന്താനവും ബി.ജെ.പിയില്‍ പോയപ്പോള്‍ നാണം കെട്ടപാര്‍ട്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞില്ലല്ലോ. ബി.ജെ.പിയുടെ അപ്രീതിക്ക് പാത്രമാകാതെ ഭീതിയില്‍ കഴിയുകയാണ് പിണറായി വിജയന്‍. പ്രതിപക്ഷത്തോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറിനകം മറുപടി നല്‍കി. എന്നിട്ടും മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ചോദിച്ചതിനൊന്നും മറുപടിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanVD SatheesanLok Sabha Elections 2024
News Summary - Opposition leader criticizes EP Jayarajan
Next Story