സർവേകളിൽ ഇടതുമുന്നേറ്റം എന്ന് പറഞ്ഞതോടെ പ്രതിപക്ഷ നേതാവിന് ഭയം: മന്ത്രി കെ.കെ ഷൈലജ
text_fieldsപാലാ: സംസ്ഥാനത്ത് ഇടതു തുടർഭരണം ഉണ്ടാകുമെന്ന സർവേ ഫലം പുറത്തു വന്നതോടെ പ്രതിപക്ഷ നേതാവിനു ഭയമായെന്ന് മന്ത്രി കെ.കെ ശൈലജ. സർവേകൾക്കെതിരെ ഇപ്പോൾ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. സർവേകളിൽ ഇടതു മുന്നേറ്റമെന്നു പറയുമ്പോൾ നമ്മൾ അഭിരമിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എലിക്കുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മാധ്യമങ്ങൾ വലിയ സർവേയാണ് നടത്തുന്നത്. യു.ഡി.എഫിനെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ സർവേകൾ നടത്തുന്നത്. സർവേ വരട്ടെ, പോട്ടെ.. എന്ത് സർവേ വന്നാലും കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം.
നാട്ടിലെ ജനങ്ങൾക്ക് കൊവിഡ് കാലത്ത് സർക്കാർ എന്തു ചെയ്തു കൊടുത്തുവെന്നു കൃത്യമായി അറിയാം. കൊവിഡ് പ്രതിസന്ധിക്കാലത്തും പട്ടിണിയില്ലാതെ കഴിയാൻ ഇട നൽകിയ, സൗജന്യ ചികിത്സ നൽകിയ, സാധാരണക്കാർക്കൊപ്പം നിന്ന സർക്കാരിനെ അവർ കൈവിടില്ല. ലോകം മുഴുവൻ കോവിഡ് കാലത്ത് കേരളത്തെ ഉറ്റുനോക്കുകയായിരുന്നു. ലോകത്ത് മുഴുവൻ കൊവിഡ് മരണങ്ങൾ വർദ്ധിച്ചപ്പോഴും, ഒരാളും കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിക്കരുതെന്ന ദൃഢനിശ്ചമായിരുന്നു സർക്കാരിന്. ഇതിനു ഫലം കാണുകയും ചെയ്തു. എങ്ങിനെയാണ് ഇത്രയും ദുരന്തങ്ങളെ അതിജീവിച്ച ഗവൺമെന്റ് ജനങ്ങളെ കരുതലോടെ ചേർത്തു പിടിച്ചതെന്ന ചോദ്യമാണ് വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഉയരുന്നത്.
ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും കേരളം പിടിച്ചു നിന്നു. എന്തൊരു കൂട്ടായ്മയാണ് കേരളത്തിലെ ജനങ്ങൾ കാണിച്ചത്. എന്നിട്ടും പ്രതിപക്ഷം കടന്നാക്രമിക്കുകയായിരുന്നുവെന്നും കെ.കെ ഷൈലജ പറഞ്ഞു. യോഗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ.മാണിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.