പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പച്ചക്കള്ളം; അദാനിയുമായി കരാറില്ലെന്ന് മുഖ്യമന്ത്രി
text_fieldsകണ്ണൂർ: കെ.എസ്.ഇ.ബിയും അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. തീർത്തും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ശരിയല്ല. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ.എസ്.ഇ.ബിക്ക് നോക്കേണ്ടതില്ല. പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബി.ജെ.പി ജയിച്ചത്. ആ അക്കൗണ്ട് എൽ.ഡി.എഫ് ഇത്തവണ ക്ലോസ് ചെയ്യും. കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഉറപ്പായും ജയിക്കുമെന്ന് പറയാൻ ബി.ജെ.പിക്ക് ഒരു സീറ്റില്ല. ബി.ജെ.പിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്ന് അവരുടെ അഖിലേന്ത്യ നേതാക്കൾ മനസ്സിലാക്കണമെന്നും പിണറായി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോടാണ് മോദി ഉപമിച്ചത്. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വർഗീയതക്ക് കീഴ്പ്പെടുന്നില്ല എന്നതാണ് കേരളത്തിൻ്റെ പ്രത്യേകത. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാട്. അതിനുള്ള ശ്രമമാണ് സംഘപരിവാർ എല്ലാ കാലത്തും നടത്തിയത്. കോൺഗ്രസും ബി.ജെ.പിയും ഇരട്ട സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.