രാഹുൽ മാങ്കൂട്ടത്തിൽ മിടുമിടുക്കൻ; സ്ഥാനാർഥികളെ തീരുമാനിച്ചത് കൂടിയാലോചനക്ക് ശേഷം -സരിനെ തള്ളി പ്രതിപക്ഷ നേതാവ്
text_fieldsപാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർഥികളെ തീരുമാനിച്ചത് കൂടിയാലോചനക്ക് ശേഷമാണെന്ന് സൂചിപ്പിച്ച പ്രതിപക്ഷ നേതാവ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പ്രഖ്യാപിച്ചത് ഏറ്റവും മികച്ച സ്ഥാനാർഥികളെയാണെന്നും ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിൽ മിടുമിടുക്കനാണ്. ഷാഫി പറമ്പിലിന്റെ ചോയ്സ് എന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ അധിക നേട്ടമാണ്. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നതാണ്. ഇതുസംബന്ധിച്ച് വാർത്തസമ്മേളനം നടത്തിയത് ശരിയാണോ എന്ന് സരിൻ സ്വയം പരിശോധിക്കണം. സരിനെതിരായ അച്ചടക്കലംഘനത്തെകുറിച്ച് കെ.പി.സി.സി പ്രസിഡന്റ് പരിശോധിച്ച് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സരിൻ ചോദ്യം ചെയ്തത് എ.ഐ.സി.സി തീരുമാനമാണെന്നായിരുന്നു കെ.പി.സി.സിയുടെ പ്രതികരണം. അച്ചടക്ക ലംഘനമാണ് സരിൻ നടത്തിയത്്. അഭിപ്രായ വ്യത്യാസം പറയേണ്ടത് പാർട്ടിക്കുള്ളിലാണ്. അതിനിടെ സരിെന ഒപ്പം കൂട്ടുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് സി.പി.എം കൃത്യമായ മറുപടി നൽകിയില്ല. പാലക്കാട് ജയിക്കാനുള്ള എന്ത് സാധ്യതയും തേടുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ചിലരുടെ തീരുമാനത്തിന് വഴങ്ങിയെന്നാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ സരിൻ ആരോപണമുന്നയിച്ചത്. ഷാഫി പറമ്പിലാണ് രാഹുലിനെ സ്ഥാനാർഥിയായി നിർദേശിച്ചത്. ഇതാണ് സരിൻ ഉന്നംവെച്ചതും. തെറ്റ് തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും. പാലക്കാട്ടെ യാഥാർഥ്യം നേതാക്കൾ തിരിച്ചറിയണമെന്നും ഈ രീതിയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും സരിൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.