പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാറിന് നിസംഗത എന്ന് പ്രതിപക്ഷ നേതാവ്
text_fieldsകൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെള്ളം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജല പരിശോധന കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നിലച്ചു. പാതാളം ബണ്ട് തുറന്നതാണ് മത്സ്യക്കുരുതിക്ക് കാരണമെന്ന് പറയുന്നത് വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
മലനീകരണ നിയന്ത്രണ ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. വിഷ ബാധയേറ്റ് ചത്ത മത്സ്യം മാര്‍ക്കറ്റില്‍ വിറ്റിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പോലും നടന്നില്ല. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെല്ലാം നിസംഗരായി നില്‍ക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍? ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഡാം തുറന്നപ്പോഴുണ്ടായ ഓക്‌സിജന്റെ കുറവിലാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ ആരെ രക്ഷിക്കാനാണെന്ന് അറിയില്ല.
സംസ്ഥാനം മുഴുവന്‍ വെള്ളക്കെട്ടിലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരിടത്തും നടന്നിട്ടില്ല. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതയും നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്. പല കനാലുകളും അടച്ചു കൊണ്ടാണ് നിര്‍മാണം. ബോട്ട് സര്‍വീസ് പോലും തടസപ്പെടുത്തിയാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിനും ഒരു ഉത്തരവാദിത്തവുമില്ല. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.