ഡോ. എം.എസ്. വല്യത്താന്‍ പ്രതിഭാശാലിയായ ഭിഷഗ്വരൻ, ആരോഗ്യ വൈജ്ഞാനിക മേഖലക്ക് തീരാനഷ്ടം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം.എസ് വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാന സ്ഥാപനമാക്കി വളര്‍ത്തിയെടുത്ത പ്രതിഭാശാലിയായ ഭിഷഗ്വരനായിരുന്നു ഡോ. വല്യത്താന്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാല്‍ യൂണിവേഴ്‌സിയുടെ ആദ്യ വി.സിയുമായിരുന്നു. വിദേശത്ത് നിന്നും വന്‍ തുകക്ക് എത്തിച്ചിരുന്ന കൃത്രിമ വാല്‍വുകള്‍ ഡോ വല്യത്താന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കാന്‍ സാധിച്ചത് കേരളത്തിലെയും ഇന്ത്യയിലെയും ആതുരസേവന രംഗത്തെ അധുനികവത്ക്കരണത്തിലേക്ക് നയിച്ചതിന്റെ തുടക്കമായിരുന്നു.
ശ്രീചിത്രയില്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാല്‍വ് ഒരു ലക്ഷത്തിലധികം രോഗികള്‍ക്കാണ് പുതുജീവന്‍ പകര്‍ന്നത്. ഡോ. വല്യത്താന്റെ പരിശ്രമഫലമായാണ് രക്തബാഗുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാനും ശ്രീചിത്രക്ക് സാധിച്ചത്. ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ശ്രീചിത്രയെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ ഡോ. വല്യത്താന് സാധിച്ചു.
ഇന്ത്യയുടെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തിന്റെ വളര്‍ച്ചയിലും ഡോ. വല്യത്താന്‍ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആയുര്‍വേദ പൈതൃകത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങളും അതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും കാലാതീതമായ സമഗ്ര റഫറന്‍സുകളാണ്. ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ശാസ്ത്രീയ അടിത്തറയോടെ വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ലോകത്തെ പ്രശസ്തമായ പല സര്‍വകലാശാലകളും ആദരിച്ചിട്ടുള്ള ഡോ. വല്യത്താന്‍ കേരളത്തെയും മലയാളികളെ സംബന്ധിച്ചടുത്തോളം അഭിമാനത്തിന്റെ പ്രതീകമായിരുന്നു. പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആരോഗ്യ വിദഗ്ധന്‍ എന്നതിനേക്കാള്‍ നാടിന്റെ പൊതുവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. കോഴിക്കോട്ട് കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആരംഭിക്കാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കീഴില്‍ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ മറക്കാനാകില്ല.
ഡോ. എം.എസ്. വല്യത്താന്റെ വിയോഗം രാജ്യത്തിന്റെ ആരോഗ്യ വൈജ്ഞാനിക മേഖലക്ക് തീരാനഷ്ടമാണ്. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.