പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയമായി വിമർശനം വി.ഡി. സതീശനെതിരെ ഇനിയും തുടരും. തൃശൂരിൽ ബി.ജെ.പി വിജയിച്ചത് ഗൗരവമേറിയ കാര്യമാണ്. എവിടെയാണ് കുഴപ്പമുണ്ടായതെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുൻപ് ഡി.സി.സി ഓഫീസിൽ അടിയുണ്ടായില്ലേയെന്നും ഡി.സി.സി പ്രസിഡൻറിനെ മാറ്റിയില്ലേയെന്നും ചോദിച്ച അദ്ദേഹം കോൺഗ്രസിൻറെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളിച്ചു.
കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ബി.ജെ.പിയുടെ അണ്ടർ കവർ ഏജൻറാണ്. നമ്മൾ ഉയർത്തിയ രാഷ്ട്രീയത്തിന് മറുപടി പറയാതെ പിച്ചും പേയും പറഞ്ഞാൽ കൈയും കെട്ടി നിൽക്കില്ല. പാലക്കാട് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർഥികൾ യോഗ്യരായിരിക്കും. ഇനിയും അനിൽ കുമാർമാരും പ്രശാന്തുമാരും സരിന്മാരും കോൺഗ്രസിലുണ്ട്. എ.ഡി.എമ്മിൻറെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അക്കാര്യത്തിൽ പാർട്ടിയും സംസ്ഥാന സെക്രട്ടറിയും നിലപാടുകൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തി പരമായി വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ്. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയപ്പോൾ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കും എന്നും മന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.