Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശ്ശൂർ സ്വന്തമാക്കാൻ...

തൃശ്ശൂർ സ്വന്തമാക്കാൻ ബി.ജെ.പി-സി.പി.എം ധാരണയെന്ന് സംശയം- വി.ഡി. സതീശൻ; എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ ഒത്തു തീർപ്പിന് സാധ്യത

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: തൃശ്ശൂർ സ്വന്തമാക്കാൻ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന സംശയം ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ, തൃശ്ശൂരും തിരുവനന്തപുരത്തും യു.ഡി.എഫിന് വിജയം ഉറപ്പാണ്. ഈ സീറ്റുകളാണ് ബി.ജെ.പി ഉന്നമിടുന്നത്. നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ കാലത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ച് യു.ഡി.എഫ് ജയിക്കും.

കേരളത്തിൽ ബി.ജെ.പി ജയിക്കില്ല. അക്കാര്യം ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും സതീശൻ പറഞ്ഞു. എന്നാൽ, തൃശ്ശൂർ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ ഒത്തുതീർപ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.

എക്സാലോജിക്കിനെതിരായ ആർ.ഒ.സി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമായെന്നും സതീശൻ ആരോപിച്ചു. എക്സാലോജിക്ക് വാദം തെളിയിക്കുന്ന രേഖകളൊന്നും നൽകിയില്ല. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോർട്ട്. സി.ബി.ഐ, ഇ.ഡി അന്വേഷണം വേണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. കോർപ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോർപ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണെന്ന് സതീശൻ പറഞ്ഞു.

മാസപ്പടി വിവാദം ഉയര്‍ന്നപ്പോള്‍ ഏക്‌സാലോജിക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ റജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ അപേക്ഷയിലും വിവരങ്ങള്‍ മറച്ചുവച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തെക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കേസ് അന്വേഷിപ്പിക്കുന്നത്. ഇ.ഡിയെയും സി.ബി.ഐയെയും ഒഴിവാക്കിയത് പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന ചോദ്യമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. ലാവലിന്‍, ലൈമിഷന്‍ കോഴ, സ്വര്‍ണക്കടത്ത്, കരുവന്നൂര്‍ കേസുകളില്‍ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ മാസപ്പടി, കരുവന്നൂര്‍ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണ ഉണ്ടാക്കുമോയെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. അതുകൊണ്ടാണ് കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്.

നവകേരള സദസ് ഉണ്ടാക്കിയതു തന്നെ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ വലിയൊരു മത്സരം നടക്കുന്നു എന്ന ധാരണ സൃഷ്ടിക്കാനാണ്. പക്ഷെ അത് പൊളിഞ്ഞു പോയി. ഇതിന്റെ ഭാഗമായാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി നാടകവും സാമ്പത്തിക സഹായം നല്‍കുന്നതില്‍ കേരളവും കേന്ദ്രവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും സുപ്രീം കോടതിയിലേക്ക് പോയതും. ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുന്നതും ഈ രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യുന്നതിന്റെ ഭാഗമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിണറായിയെയും സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി വേട്ടയാടുന്നുവെന്ന് വരുത്തി തീര്‍ത്തിട്ട് സെറ്റില്‍ ചെയ്യുകയെന്നതാണ് ലക്ഷ്യം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനാണ്. സംഘപരിവാറും സി.പി.എമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് ഇതിനുള്ള തെളിവാണ്. ഇതിനു പകരമായി കുഴല്‍പ്പണ കേസില്‍ പ്രതിയാക്കാതെ കെ. സുരേന്ദ്രനെ പിണറായി വിജയന്‍ സഹായിച്ചു. കരുവന്നൂര്‍ അന്വേഷണവും തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് വച്ചുള്ള ഒത്തുതീര്‍പ്പിലേക്കാണ് പോകുന്നത്. അത് കാത്തിരുന്ന് കാണാം.

ഇന്‍കാടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും കണ്ടെത്തലുകള്‍ സമാനമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും അഴിമതി നിരോധന നിയമവും അനുസരിച്ച് കേസെടുക്കേണ്ടത് ഇ.ഡിയും സി.ബി.ഐയുമാണ്. സി.ബി.ഐക്കും ഇ.ഡിക്കും കോണ്‍ഗ്രസ് എതിരല്ല. രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. പക്ഷെ കേരളത്തിലേക്ക് സി.ബി.ഐയും ഇ.ഡിയും വന്നില്ല. ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമവിരുദ്ധമായി ഏജന്‍സികളെ ഉപയോഗിച്ച് അതിനെ ഞങ്ങള്‍ എതിര്‍ക്കും. തോമസ് ഐസക്കിനെതിരെ കേസ് വന്നപ്പോള്‍ ഇ.ഡി അന്വേഷിക്കേണ്ട കേസ് അല്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അതേ നിലപാട് തന്നെയാണ് കോടതിയും സ്വീകരിച്ചത്. പക്ഷെ മാസപ്പടി വിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണം. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയോ വേണ്ടപ്പെട്ടവരുടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയോ ചെയ്യും. രണ്ടിനും കോണ്‍ഗ്രസ് എതിരാണ്. കേരളത്തില്‍ നടത്തുന്നത് ഒത്തുതീര്‍പ്പാണ്. അതുകൊണ്ടാണ് കേരളത്തില്‍ എത്തുമ്പോള്‍ ഞങ്ങളുടെ അഭിപ്രായം മാറുന്നതും.

ഒന്നേകാല്‍ കോടിയുമായി വില്ലേജ് അസിസ്റ്റന്റിനെ പിടിച്ചപ്പോള്‍ നിങ്ങള്‍ അറിയാതെ ആരെങ്കിലും കൈക്കൂലി വാങ്ങുമോയെന്നാണ് മുഖ്യമന്ത്രി വില്ലേജ് ഓഫീസറോട് ചോദിച്ചത്. അതേ ചോദ്യം തന്നെയാണ് മുഖ്യമന്ത്രിയോടും ചോദിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ നൂറ് ദിവസം ജയിലില്‍ കിടന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനിലെ കോഴക്കേസിലും ഇതേ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായതും അറിഞ്ഞില്ലേ? എന്നിട്ടും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിയില്ല. ലാവലിന്‍ കേസ് 38 തവണയാണ് മാറ്റി വച്ചത്. ബി.ജെ.പിയുമായി ധാരണയിലാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇത്തരം ധാരണ മാസപ്പടി ആരോപണത്തില്‍ ഉണ്ടാകരുത്. ഇപ്പോഴും ധാരണ ഉള്ളതുകൊണ്ടാണ് കമ്പനികാര്യ മന്ത്രാലയത്തെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനിക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പാക്കാന്‍ സാധിക്കില്ല.

കരുവന്നൂരില്‍ ഇ.ഡി അന്വേഷണം നിലച്ച അവസ്ഥയിലാണ്. ചെറിയ മത്സ്യങ്ങളെ മാത്രമെ പിടിക്കുന്നുള്ളൂ. കരുവന്നൂരും മാസപ്പടിയുമൊക്കെ തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സെറ്റില്‍മെന്റില്‍ അവസാനിക്കും. തൃശൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ തവണത്തേക്കള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് വിജയിക്കും. പ്രധാനമന്ത്രി പ്രചരണത്തിനായി കൂടുതല്‍ തവണ എത്തിയാല്‍ കേരളത്തിന്റെ മതേതര മനസ് കൂടുതല്‍ ഉണരും. കേരളത്തിലെ ഭൂരിപക്ഷവും മതേതര ചിന്തയുള്ളവരായതു കൊണ്ടാണ് ബി.ജെ.പി ക്ലച്ച് പിടിക്കാത്തത്. ബി.ജെ.പി ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തും.

പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിച്ചതിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ജ്യോതിബാസുവിന്റെ പേരിലുള്ള അനുസ്മരണവും അദ്ദേഹത്തിന്റെ പേരിലുള്ള സെന്ററും കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യേണ്ട മുഖ്യമന്ത്രി അത് റദ്ദാക്കിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചതും യാത്രയാക്കിയതും. പ്രധാനമന്ത്രിക്കൊപ്പം രണ്ടു കയ്യും ചേര്‍ത്തുള്ള പിണറായി വിജയന്റെ നില്‍പ് മനസിരുത്തി നോക്കിയാല്‍ അതില്‍ ഒരു സന്ദേശമുണ്ടെന്ന് വ്യക്തമാകും. ആ നില്‍പ് കേരളത്തിലെ ജനങ്ങള്‍ മനസിരുത്തി കാണുന്നുണ്ട്. ഇരച്ചങ്കന്‍ എന്ന് അണികളെക്കൊണ്ട് വിളിപ്പിച്ച മുഖ്യമന്ത്രി ഇത്രയും വിനയാന്വിതനും നല്ല മനുഷ്യനുമായി നില്‍ക്കുന്നത് കാണുമ്പോള്‍ എത്ര വ്യാഖ്യാനങ്ങളുണ്ടാകാം. അത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കണ്ടെത്തിയാല്‍ മതിയെന്നും സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderCPM
News Summary - Opposition leader VD Satheesan news conference
Next Story