സര്‍ക്കാര്‍ വിവാദങ്ങളുടെ റെക്കോഡിട്ടു –പ്രതിപക്ഷനേതാവ്
text_fieldsതിരുവനന്തപുരം: ചെറിയ കാലയളവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിവാദങ്ങളുടെ റെക്കോഡിട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെറ്റുതിരുത്തി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും ധനവിനിയോഗ ബില്ലിന്‍െറ ചര്‍ച്ചയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ സാമ്പത്തികരംഗം തകര്‍ത്തെന്ന് പറഞ്ഞ് ധവളപത്രം ഇറക്കിയവരാണ് എല്‍.ഡി.എഫ്. എന്നാല്‍, ഈ സര്‍ക്കാറിന്‍െറ കാലത്ത് വാണിജ്യനികുതി വരുമാനം കുത്തനെകുറഞ്ഞു. ഓണക്കാലത്ത് കച്ചവടം കൂടിയിട്ടും നികുതിവരവ് കുറഞ്ഞു. രജിസ്ട്രേഷന്‍ വരുമാനം സെപ്റ്റംബറില്‍ നെഗറ്റീവ് വളര്‍ച്ചയായി.
അധികാരവികേന്ദ്രീകരണത്തിന് വേണ്ടി പദ്ധതിയില്‍നിന്ന് ഒരുശതമാനം മാത്രമാണ് ചെലവാക്കിയത്. 21 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി ഒരു പൈസയും ചെലവാക്കിയില്ല. ഐ.എം.എഫിന്‍െറയും ലോകബാങ്കിന്‍െറയും വക്താവായ ഗീതാഗോപിനാഥിനെയാണ് ഇടതുപക്ഷ ബദല്‍ സൃഷ്ടിക്കാന്‍ കൊണ്ടുവന്നത്.
ജീവനുള്ള ഫയലുകള്‍ സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളില്‍ വിശ്രമിക്കുകയാണ്. ആഭ്യന്തരവകുപ്പില്‍ ഉന്നതതല തമ്മിലടികാരണം മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടമായി. കണ്ണൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ ജില്ലാതലത്തിലെടുത്ത തീരുമാനത്തെ സി.പി.എം ജില്ലാ കമ്മിറ്റി തന്നെ നിഷേധിക്കുന്നു. ആര്‍.എസ്.എസും സി.പി.എമ്മും ആയുധം ഉറയില്‍ ഇടണം.
തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് തകര്‍ന്നെന്ന പ്രചാരണമുണ്ടായി. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് അവസാനിച്ചുവെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ബി.ജെ.പി ഏക സിവില്‍ കോഡുമായി വന്നിരിക്കുന്നത് യു.പി തെരഞ്ഞെടുപ്പിന് വേണ്ടിയാണ്. യഥാര്‍ഥ മതേതരവിശ്വാസം ഉയര്‍ത്തിപ്പിടിച്ച് യു.ഡി.എഫ് നിയമസഭക്കകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.