ലോകായുക്ത ഭേദഗതി ഒാർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു
text_fieldsതിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘം ഗവര്‍ണറെ നേരിൽകണ്ട് നിവേദനം നൽകി. നിയമപരമായ വിശദാംശങ്ങളും അവർ കൈമാറി. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ. ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയും ആയിരുന്നപ്പോൾ രൂപവത്കരിച്ച ലോകായുക്ത നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമെന്ന് 22 വർഷത്തിനുശേഷം പറയുന്നത് വിചിത്രമാണെന്ന് കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ബില്‍ അവതരിപ്പിച്ച കാലത്ത് രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സും രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭേദഗതി, പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടതും രാഷ്ട്രപതിയാണ്. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം അറിയിച്ചു.
കെ.ടി. ജലീലിന്റെ കേസില്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്ത നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഇപ്പോള്‍ പറയുന്നത് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും എതിരായ കേസുകള്‍ നിലനില്‍ക്കുന്നതിനാൽ മാത്രമാണ്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിയമമന്ത്രിയുടെ വാദം സുപ്രീംകോടതി വിധിക്ക് എതിരാണ്.
പാര്‍ലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ കോടതിക്ക് മാത്രമേ സാധിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിൽ സര്‍ക്കാർ വാദമുഖങ്ങളെല്ലാം ദുര്‍ബലമാണ്.
ഇപ്പോള്‍ കൊണ്ടുവരുന്ന ഭേദഗതി, 1999 ല്‍ ബില്‍ നിയമസഭയിൽ അവതരിപ്പിച്ചപ്പോഴും ഉണ്ടായിരുന്നെങ്കിലും അത് ലോകായുക്തയുടെ ശക്തിചോർത്തി വെറുമൊരു സര്‍ക്കാര്‍ വകുപ്പായി മാറ്റുമെന്ന് ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത് കണക്കിലെടുത്ത് നിയമമന്ത്രി ഇ. ചന്ദ്രശേഖരന് നായര്‍ പിന്‍വലിക്കുകയായിരുന്നു. ഒഴിവാക്കിയ അതേ വകുപ്പാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പിന്‍വാതിലിലൂടെ കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നത്.
ഇത് നായനാരെയും ചന്ദ്രശേഖരന് നായരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.