'കോഴയെന്ന് കേട്ടാൽ മുഖ്യമന്ത്രിക്ക് പൊള്ളുന്നത് എന്തിന്?'; ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന അവസ്ഥയെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടനോട് കയര്‍ത്ത മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. കോഴയെന്ന് കേട്ടാൽ മുഖ്യമന്ത്രിക്ക് പൊള്ളുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്‍ കോഴ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റംഗങ്ങള്‍ക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നത്. അത് യാഥാര്‍ഥ്യമല്ലേ. ഇരുപതു കോടി രൂപ റെഡ് ക്രസന്റ് ദുബൈയില്‍നിന്ന് ഇങ്ങോട്ടുതന്നപ്പോള്‍ അതില്‍ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുന്‍മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുണ്ട്.
ഇഷ്ടമില്ലാത്തത് സഭരേഖയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്. വിജിലൻസിന് അതോറിറ്റി ഇല്ലാത്ത കേസാണിത്. അന്വേഷണം തടസപ്പെടുത്താനുള്ള ധാരണയുടെ ഭാഗമായാണ് വിജിലന്‍സ് അന്വേഷണം കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് കോഴ ഇടപാട് മുഴുവൻ നടന്നത്. മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതിലേക്കാണ് ഇനി പോകേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ഒളിച്ചോടാനാണ് ശ്രമിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്ത് വിഷയം ഉന്നയിച്ചാലും തടസപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് മടിയിൽ കനമുണ്ട്. പറഞ്ഞത് പച്ചക്കള്ളം എന്ന് മുഖ്യമന്ത്രി പറയേണ്ടത് തന്നോടല്ലെന്നും കോടതിയിലാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.