22 വയസുള്ള ചെറുപ്പകാരനെ കൊന്നിട്ട് സി.പി.എമ്മിന് എന്ത് കിട്ടാൻ? -ചെന്നിത്തല
text_fieldsകണ്ണൂർ: കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിന്‍റെ വീട് പ്രതിപക്ഷ നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുെട നേതൃത്വത്തിലാണ് പ്രതിപക്ഷ സംഘം പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിലെ വീട്ടിലെത്തിയത്. മൻസൂറിന്‍റെ പിതാവ് ഉൾപ്പെടെ ബന്ധുക്കളെ ചെന്നിത്തല അടക്കമുള്ളവർ ആശ്വസിപ്പിച്ചു.
22 വയസുള്ള ചെറുപ്പകാരനെ കൊന്നിട്ട് സി.പി.എമ്മിന് എന്ത് കിട്ടാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അത്യന്തം ദാരുണമായ കൊലപാതകമാണ് നടന്നത്. മൻസൂറിന്‍റെ കുടുംബത്തിന്‍റെ വേദന കാണാൻ കഴിയുന്നില്ല. കൊലപാതകികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യഥാർഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിലവിലെ അന്വേഷണം യഥാർഥ പ്രതികളെ പിടികൂടുമെന്ന് കരുതുന്നില്ല. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. കേസിന്‍റെ അന്വേഷണം ആദ്യം തന്നെ ക്രൈംബ്രാഞ്ചിന് കൈമാറിയതിൽ ദുരൂഹതയുണ്ട്. തെളിവുകൾ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും ആണ് ശ്രമിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ടു പോകുന്ന കാര്യം യു.ഡി.എഫ് ആലോചിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അംഗീകരിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നീതിക്കായി ഏതറ്റം വരെയും പോകും. മറ്റ് പല കേസുകളിൽ നിയമനടപടികളൂടെയാണ് നീതി ലഭിച്ചിട്ടുള്ളത്. കേസ് തേച്ചുമാച്ച് കളയാൻ മുസ് ലിം ലീഗും യു.ഡി.എഫും അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കെ. സുധാകരൻ എം.പി, പാറക്കൽ അബ്ദുല്ല എം.എൽ.എ, വനിതാ ലീഗ് നേതാവ് നൂർബിന റഷീദ്, മഹിള കോൺഗ്രസ് ദീപ്തി മേരി വർഗീസ്, പ്രാദേശിക നേതാക്കൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു. വീട്ടിൽ നടന്ന പ്രാർഥാനാ ചടങ്ങിലും നേതാക്കൾ പങ്കെടുത്തു
പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് മുസ് ലിം ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മൻസൂറിനെ വലിച്ചിഴച്ച് വെട്ടുകയായിരുന്നു. മൻസൂറിന്‍റെ മാതാവിനും സഹോദരൻ മുഹ്സിനും (27) അയൽപക്കത്തുള്ള സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കേസിൽ പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിനെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയും മൻസൂറിന്‍റെ അയൽവാസിയുമായ രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.