കിഫ്ബി ഫണ്ട് ഗുണഭോക്താക്കളായ പ്രതിപക്ഷ എം.എല്‍.എമാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം -തോമസ് ഐസക്
text_fieldsതൃശൂര്‍: കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ ജനം വോട്ട് ചെയ്യുകയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എൽ.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി. ബാലചന്ദ്രെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ഞായറാഴ്ച രാവിലെ ഒളരി സെന്‍ററില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിഫ്ബിയെ തകര്‍ത്ത് കേരളവികസനം തടയാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും കിണഞ്ഞ് പരിശ്രമിക്കുന്നത്. എന്നാല്‍, വികസന മുരടിപ്പിന് വിത്തുപാകുന്ന കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടെയും ഗൂഢനീക്കങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ജനം പുച്ഛിച്ചു തള്ളും.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും കിഫ്ബി ഫണ്ട് വിനിയോഗിച്ച് അഭിമാനകരമായ നിരവധി പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് എം.എല്‍.എമാര്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് കിഫ്ബിയില്‍നിന്ന് പണം അനുവദിക്കുന്നത്.
കിഫ്ബി ഫണ്ടിന്‍റെ ഗുണഭോക്താക്കളായ പ്രതിപക്ഷ എം.എല്‍.എമാര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കണം. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകും. കിഫ്ബിയിലൂടെ കേരളം ലോകോത്തര നിലവാരത്തിലെത്തുമെന്നും ഡോ. തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. സി.പി. ജോസ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, സ്ഥാനാര്‍ഥി പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.