പുരാവസ്തു തട്ടിപ്പുകാരനും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം. മോൻസൺ മാവുങ്കലിന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി അടുത്ത ബന്ധമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു.
മോൻസൺ പുരാവസ്തു എന്ന പേരിൽ വ്യാജ സാധനങ്ങൾ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തിയത്. നിരവധി പേരെ വഞ്ചിച്ച വ്യക്തിക്ക് സംസ്ഥാനത്തെ മുൻ പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണം ലഭിച്ചിട്ടുണ്ട്. മോൻസണിന്‍റെ പ്രവർത്തനങ്ങൾ സംശയകരമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇത് കണ്ടില്ലെന്ന് പൊലീസ് നടിച്ചു.
ഇന്‍റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് മാസങ്ങൾക്ക് മുമ്പേ ബെഹ്റ അടക്കം ഉന്നത ഉദ്യോഗസ്ഥർ മോൻസണിന്‍റെ വീട് സന്ദർശിച്ചു. ആ സമയത്ത് എടുത്ത ഫോട്ടോ മോൻസൺ ദുരുപയോഗം ചെയ്തു. ഇതിന് പിന്നാലെയാണ് മോൻസണിനെതിരെ രഹസ്യവിവരം ലഭിക്കുകയും ഇന്‍റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതും. ബീറ്റ് ബോക്സ് അടക്കം മോൻസണിന്‍റെ വീട്ടിൽ പൊലീസ് സ്ഥാപിക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്തെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.
2019ലെ ഇന്‍റലിജൻസ് റിപ്പോർട്ട് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി അറിയുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണെന്ന വാദം വിശ്വസിക്കാനാവില്ല. ലോക കേരളസഭ പ്രതിനിധിയായ ഇറ്റലിയിലെ പ്രവാസിയാണ് മോൻസണിന്‍റെ ഇടനിലക്കാരി. അന്വേഷണം വേണമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഐ.ജി കേസിൽ ഇടപെട്ടു. തട്ടിപ്പുകാരനാണെന്നും ദുരൂഹതയുണ്ടെന്നുമുള്ള ഇന്‍റലിജൻസ് റിപ്പോർട്ടുകൾ കാര്യമാക്കിയില്ല. തട്ടിപ്പുകാരുടെ വിളയാട്ടം നടന്നുവെന്നും പി.ടി. തോമസ് ആരോപിച്ചു.
പൊലീസിന്‍റെ സൈബർ സെക്യൂരിറ്റി മീറ്റിങ്ങിൽ മോൻസണും ഇറ്റലിയിൽ നിന്നുള്ള ഇടനിലക്കാരിയും പങ്കെടുത്തു. തട്ടിപ്പുകാരെല്ലാം എന്തിന് പിണറായിയുടെ അടുത്തുവരുന്നുവെന്ന് പി.ടി. തോമസ് ചോദിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ഒന്നും മറക്കാനില്ലെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.
മോൻസൺ മാവുങ്കലിന്‍റെ വീട് ആരൊക്കെ സന്ദർശിച്ചുവെന്നും എത്ര ദിവസം താമസിച്ചുവെന്നും ചികിത്സ തേടിയെന്നും ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ആരൊക്കെ എന്തിനൊക്കെ പോയെന്ന് പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. പൊലീസ് സുഖചികിത്സക്ക് മോൻസണിന്‍റെ വീട്ടിൽ തങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വലിയ തുക പിടിച്ചുവെച്ചത് തിരികെ കിട്ടാൻ ഡൽഹിയിൽ സഹായം വേണമെന്ന് പറഞ്ഞു. പണം നൽകിയത് പ്രധാനപ്പെട്ട ആളുടെ സാന്നിധ്യത്തിലാണ്. തട്ടിപ്പിന് കൂട്ടുനിൽക്കുന്ന അവസ്ഥയാണിത്. കോൺഗ്രസിലെ പ്രശ്നം ഇവിടുത്തെ ചെലവിൽ പരിഹരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടികളുടെ പുരാവസ്തു തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചത് സെപ്റ്റംബർ ആറിനാണ്. ഇതിന് പിന്നാലെ മോൻസണിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻകൂർ ജാമ്യം തേടി രക്ഷപ്പെടാനുള്ള മോൻസണിന്‍റെ നീക്കത്തെ പൊലീസ് തടഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോൻസണിനെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും പൊലീസ് മൗനം പാലിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മോൻസണിനൊപ്പമുള്ള മന്ത്രിമാരുടെ ഫോട്ടോകൾ പുറത്തുവന്നു. മന്ത്രിമാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല.
ഏത് അന്വേഷണവുമായും പ്രതിപക്ഷം സഹകരിക്കും. സുധാകരന്‍റെ പേരുയർത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കൗശലമാണ്. മോൻസൺ ഡോക്ടറാണെന്ന് കരുതി പലരും ചികിത്സക്ക് പോയിട്ടുണ്ട്. കോസ്മെറ്റിക് ചികിത്സക്ക് പോകുന്നത് കുറ്റമായി കാണേണ്ട. സിനിമ താരങ്ങളും സ്ത്രീകളും മാത്രമല്ല പുരുഷന്മാരും ഇത്തരം ചികിത്സക്ക് പോകാറുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.