സർക്കാറിനെതിരെ സമരം ചെയ്യാൻ വന്നു; യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ ഏറ്റുമുട്ടി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാംവാർഷികദിനത്തിൽ യൂത്ത്കോൺഗ്രസും യുവമോർച്ചയും സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് ഉപരോധം തമ്മിലടിയിൽ കലാശിച്ചു. സർക്കാറിനെതിരെ സമരം ചെയ്യാൻ വന്ന പ്രവർത്തകർ പരസ്പരം കല്ലേറ് നടത്തി. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ക്രമസമാധാനം താറുമാറായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാറിെൻറ ഭരണപരാജയത്തിൽ പ്രതിഷേധിച്ച് ഇരുസംഘടനകളും ബുധനാഴ്ച രാത്രിയോടെയാണ് ഉപരോധം ആരംഭിച്ചത്. യുവമോർച്ചയാണ് ആദ്യം സമരം ആരംഭിച്ചത്. ഇതോടെ വ്യാഴാഴ്ച രാവിലെ ആറുമുതൽ പ്രഖ്യാപിച്ചിരുന്ന യൂത്ത് കോൺഗ്രസ് സമരം ബുധനാഴ്ച രാത്രി തന്നെ തുടങ്ങി. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.
സെക്രേട്ടറിയറ്റിലെ സമരകവാടം ആര് ഉപരോധിക്കുമെന്നതിനെ ചൊല്ലിയായിരുന്നു തർക്കം. തർക്കം കൈയാങ്കളിയിലേക്ക് കടന്നതോടെ പൊലീസ് ഇടപെട്ടു. യുവമോർച്ചക്ക് സമരഗേറ്റും യൂത്ത്കോൺഗ്രസിന് സൗത്ത്ഗേറ്റും ഉപരോധിക്കാൻ അവസരം നൽകി. ഇരുവിഭാഗങ്ങൾക്കുമിടയിൽ പൊലീസ് പ്രതിരോധമതിലും തീർത്തു. രാവിലെ ഇരുവിഭാഗങ്ങളും പ്രകടനം നടത്തുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. പ്രവർത്തകർ പരസ്പരം കല്ലും കുപ്പികളും വടികളും വലിച്ചെറിഞ്ഞു. ഇതിനിടെയാണ് പൊലീസുകാരന് പരിക്കേറ്റത്. സെക്രേട്ടറിയറ്റിനും ഏജീസ് ഒാഫിസിനും മുന്നിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും ബോർഡുകൾ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. 11 മണിയോടെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് യുവമോർച്ച ബഹുജനമാർച്ച് ആരംഭിച്ചു.
അപ്പോഴേക്കും യൂത്ത്കോൺഗ്രസിെൻറ ഉപരോധസമരത്തിെൻറ ഉദ്ഘാടനം അഖിലേന്ത്യ പ്രസിഡൻറ് അമരീന്ദര് സിങ് രാജ ബ്രാർ നിർവഹിച്ചു. തുടർന്ന് യുവമോർച്ചക്കാരുടെ ഊഴമായിരുന്നു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ സംസാരിക്കുന്നതിനിടെ യൂത്ത് കോൺഗ്രസുകാരും യുവമോർച്ച പ്രവർത്തകരും പരസ്പരം വീണ്ടും കല്ലെറിഞ്ഞു. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കിയതിനെ തുടർന്ന് അഖിലേന്ത്യനേതാവ് പൂനം മഹാജൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ഒരുരാത്രിയും പകലും നീണ്ട ഉപരോധസമരം സെക്രേട്ടറിയറ്റിെൻറ പ്രവർത്തനത്തെയും ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.