കാഫിർ സ്ക്രീൻഷോട്ട്: മൂർച്ചയേറിയ ചോദ്യങ്ങളുയർത്തി പ്രതിഷേധ സംഗമം
text_fieldsതിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലും ഹേമ കമീഷൻ റിപ്പോർട്ടിലും സർക്കാറിനെതിരെ ചോദ്യശരങ്ങളുയർത്തിയും ജനകീയ വിചാരണ നടത്തിയും യു.ഡി.എഫ് പ്രതിഷേധസംഗമം. വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതികളെയും ഹേമ കമീഷൻ റിപ്പോർട്ടിലെ ആരോപണവിധേയരേയും സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു സംഗമം. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നോടിയെടുക്കാനുള്ള ഹീനമായ ശ്രമമാണ് സി.പി.എം വടകരയില്‍ നടത്തിയതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘ്പരിവാര്‍ പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തലതാഴ്ത്തി നില്ക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ ഇരകളുടെ സ്വകാര്യതക്കപ്പുറം വേട്ടക്കാരുടെ സ്വകാര്യതയാണ് പിണറായി വിജയന് സംരക്ഷിച്ചത്. ലൈംഗികാരോപണ വിധേയനായ സി.പി.എം എം.എല്‍.എക്കെതിരെ നടപടി വേണമെന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടും വേട്ടക്കാരനെ സര്‍ക്കാര്‍ കുടപിടിച്ച് സംരക്ഷിക്കുകയാണ്. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നതിന് വേണ്ടി സി.പി.എം- ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് പൂരം കലക്കിയത്. പൂരം കലക്കാന്‍ കൂട്ടുനിന്ന നാണംകെട്ട സര്‍ക്കാറാണിത്. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് പൂരം കലക്കിയതെന്നാണ് ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എയും പറയുന്നത്. മഹാരഥന്മാര് ഇരുന്ന കസേരയില്‍ ഇരുന്ന് ക്രിമിനല്‍ സംഘങ്ങളെ പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രിയായി പിണറായിയെ ചരിത്രം രേഖപ്പെടുത്തും.
പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മോൻസ് ജോസഫ് , അനൂപ് ജേക്കബ്, സി.പി. ജോൺ, ജെ. മധു, എ.എൻ. രാജൻ ബാബു, സലീം പി. മാത്യു, ആർ.എസ്. ഹരി, കൊടിക്കുന്നിൽ സുരേഷ് എം.പി, ഡോ.എം.കെ. മുനീർ, ബെന്നി ബഹനാൻ എം.പി, അടൂർ പ്രകാശ് എം പി, ഷാഫി പറമ്പിൽ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പാലോട് രവി, യു.ഡി.എഫ് ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ, കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.