പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
text_fieldsതിരുവനന്തപുരം: പിൻവാതിൽ നിയമനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സി.പി.എമ്മിലെ വീതംവെപ്പിലെ തർക്കം മൂലമാണ് കോർപറേഷനിലെ കത്ത് പുറത്ത് വന്നതെന്നും കേരളത്തിൽ സമാന്തര റിക്രൂട്ടിങ് സംവിധാനമാണ് സി.പി.എം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ആരോപിച്ചു.
അന്വേഷണം പൂർത്തിയാകും മുമ്പ് കത്ത് വ്യാജമെന്ന് മന്ത്രി എങ്ങനെ പറയുന്നു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ സംസാരിക്കാൻ എഴുന്നേറ്റത് ബഹളത്തിൽ കലാശിച്ചു. പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിൽ എത്തിയതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പി.എസ്.സിയെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംസ്ഥാന വ്യാപകമായി നിയമനം നടത്തുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണു നാഥ് എം.എല്‍.എ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു.
കോർപറേഷനിൽ പിൻവാതിൽ നിയമനമെന്ന ആരോപണം മന്ത്രി എം.ബി രാജേഷ് തള്ളി. ഇല്ലാത്ത കത്തിനെ കുറിച്ചാണ് പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നതെന്നും യു.ഡി.എഫിന്റെ ശുപാർശ കത്തുകൾ എണ്ണിയാൽ ഒരച്ഛൻ മകൾക്ക് അയച്ച കത്തുകളെക്കാൾ വലിയ ശേഖരമാകുമെന്ന് മന്ത്രി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.