മന്ത്രിയുടെ രാജിക്ക് യു.ഡി.എഫ്; മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ചയും യു.ഡി.എഫ് നിയമസഭ ബഹിഷ്കരിച്ചു. മന്ത്രിെക്കതിരായ കോടതിവിധിയും പരാമർശങ്ങളും അഞ്ച് യു.ഡി.എഫ് എം.എൽ.എമാരുടെ സത്യഗ്രഹവും ആധാരമാക്കി ശൂന്യവേളയിൽ കെ.സി. ജോസഫ് അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിെന തുടർന്നായിരുന്നു ബഹിഷ്കരണം. പ്രതിപക്ഷത്തെ മാണി ഗ്രൂപ്, ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ് എന്നിവരും സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെങ്കിലും പിന്നീട് മടങ്ങിയെത്തി സഭാ നടപടികളിൽ പങ്കാളികളായി. യു.ഡി.എഫ് നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ശൈലജക്ക് പൂര്‍ണ പിന്തുണ നൽകി.
കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും മന്ത്രിക്കെതിരായ പരാമര്‍ശങ്ങൾ വാക്കാല്‍ മാത്രം ജഡ്ജി നടത്തിയവയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിെൻറ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സ്പീക്കര്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍, അഞ്ച് സഹപ്രവര്‍ത്തകര്‍ നാലുദിവസമായി സത്യഗ്രഹം നടത്തുന്ന സാഹചര്യത്തെക്കുറിച്ച് സഭയില്‍ ഉന്നയിക്കാന്‍ അവസരം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതോടെയാണ് സ്പീക്കർ വഴങ്ങിയത്.
അപേക്ഷ സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകിയ മന്ത്രിയുടെ നടപടി സദുദ്ദേശ്യപരമായിരുന്നില്ലെന്നാണ് കോടതി വിധിയെന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി, ലാവലിന്‍ കേസിനെക്കുറിച്ച് ദീര്‍ഘമായി വിശദീകരിച്ചു. ചോദ്യോത്തരവേളക്കിടെ നടുത്തളത്തിലിരുന്ന് പ്രതിപക്ഷം മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കും അദ്ദേഹം വിശദമായ മറുപടി നല്‍കി. ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് വിധിയിലെ പരാമര്‍ശം നീക്കം ചെയ്യാന്‍ കോടതിയെ സര്‍ക്കാർ സമീപിച്ചത് ഉത്തമബോധ്യത്തിെൻറ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന കോടതിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുന്നതിന് പകരം ലാവലിൻ വിഷയത്തിൽ കേന്ദ്രീകരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി നിഗൂഢപ്രവര്‍ത്തനം നടത്തിയ മറ്റാര്‍ക്കോ ഉള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന്, സത്യഗ്രഹം നടത്തുന്ന അഞ്ച് സഹപ്രവർത്തകർക്ക് പിന്തുണയുമായി യു.ഡി.എഫ് അംഗങ്ങൾ സഭാനടപടികൾ ബഹിഷ്കരിച്ച് പുറത്തുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.