ബജറ്റ് ചോര്‍ന്നു; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം നടത്തുന്നതിനിടെ സുപ്രധാന വിവരങ്ങള്‍ പുറത്തായി. ബജറ്റ് ചോര്‍ന്ന രേഖകളുമായി പ്രതിപക്ഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ത്തി ഇറങ്ങിപ്പോവുകയും മീഡിയ റൂമില്‍ സമാന്തര ബജറ്റ് അവതരണം നടത്തുകയും ചെയ്തു. ബജറ്റിന്‍െറ മുഖ്യവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പാണ് ബജറ്റ് അവതരണം നടക്കുമ്പോള്‍തന്നെ സമൂഹികമാധ്യമങ്ങളിലും ചാനലുകളിലും വന്നത്. ധനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ചോര്‍ന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംഭവം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംഭവത്തെ തുടര്‍ന്ന് ധനമന്ത്രിയുടെ ഓഫിസിലെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. മനോജ്കുമാറിനെ പേഴ്സനല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കി. പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ കണ്ടു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി.
മാധ്യമങ്ങള്‍ക്ക് നല്‍കാനായി ബജറ്റിലെ മുഖ്യവിവരങ്ങള്‍ തയാറാക്കിവെച്ചിരുന്നത് അവതരണം പൂര്‍ത്തിയാകുന്നതിനുമുമ്പ് മന്ത്രിയുടെ ഓഫിസില്‍നിന്ന് മെയില്‍ ചെയ്യുകയായിരുന്നു. ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ പിന്നിടവെയാണ് ഇതിന്‍െറ കോപ്പിയുമായി പ്രതിപക്ഷം എത്തിയത്. പ്രതിപക്ഷനേതാവാണ് വിഷയം ഉന്നയിച്ചത്. ആവേശത്തോടെ ബജറ്റ് അവതരിപ്പിച്ചിരുന്ന ധനമന്ത്രിയെയും ഭരണപക്ഷത്തെയും ഇത് ഞെട്ടിച്ചു. സ്തംബധനായിപ്പോയ ധനമന്ത്രി പിന്നീട് നടത്തിയ പ്രഖ്യാപനങ്ങള്‍ അതിനൊപ്പം പ്രതിപക്ഷവും വിളിച്ചുപറഞ്ഞു. ഇതോടെ സുപ്രധാന ഖണ്ഡികകള്‍ വായിക്കാതെ ഒഴിവാക്കുകയും അവസാനഭാഗം വായിച്ച് പ്രസംഗം അവസാനിപ്പിക്കുകയുമായിരുന്നു.
ബജറ്റ് അവതരണം നടന്നുകൊണ്ടിരിക്കെ 10ഓടെയാണ് സംക്ഷിപ്തം സോഷ്യല്‍ മീഡിയ വഴിയും പിന്നീട് വാര്‍ത്താചാനലുകളിലൂടെയും പ്രചരിച്ചത്. ബജറ്റ് ചോര്‍ന്നത് ധനമന്ത്രിയുടെ ഓഫിസില്‍നിന്നാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തോമസ് ഐസക് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം ഗൗരവതരമാണെന്നും സംഭവം അന്വേഷിക്കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതിന്‍െറ തത്സമയവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ ഒന്നും പുറത്തുപോയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുമായി കാര്യങ്ങള്‍ ആലോചിച്ചു പറയാമെന്നും ധനമന്ത്രിയും പറഞ്ഞു. ബജറ്റ് പുറത്തുപോയത് ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരണം തുടര്‍ന്നെങ്കിലും പ്രതിപക്ഷം സഭവിട്ടു. യു.ഡി.എഫിനൊപ്പം കെ.എം. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എമാരും ബി.ജെ.പി അംഗം ഒ. രാജഗോപാലും ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.