മുഖ്യമന്ത്രി പുത്രി വാത്സല്യത്താൽ അന്ധനായെന്ന് പി.ടി. തോമസ്; സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയ അവതരണത്തിനിടെ നിയമസഭയിൽ ഭരണ -പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി പുത്രി വാത്സല്യത്താൽ അന്ധനായെന്ന പി.ടി തോമസിന്‍റെ പരാമർശമാണ് ബഹളത്തിന് വഴിവെച്ചത്.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്ന് സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിരുന്നോയെന്ന ചോദ്യവും പി.ടി തോമസ് ഉന്നയിച്ചു. പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസ് പറഞ്ഞു.
ശിവങ്കർ സ്വപ്നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ മുഖ്യമന്ത്രിക്ക് തടയാൻ സാധിച്ചില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.ടി തോമസ് ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പി.ടി തോമസ് പറഞ്ഞു.
ശിവശങ്കർ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. സ്വർണക്കടത്തുക്കാരെ മുഖ്യമന്ത്രി താലോലിക്കുന്നു. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഭ്യേതര പ്രയോഗമാണ് പി.ടി തോമസ് നടത്തുന്നതെന്ന ആരോപണവുമായി ഭരണപക്ഷവും രംഗത്തെത്തി. പൂരപ്പാട്ടാണോ സഭയിൽ നടക്കുന്നതെന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചു. എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവലിൻ കേസിൽ തന്നെ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്‍റെ കൈകൾ ശുദ്ധമായതുകൊണ്ടാണ് അത് പറയാനുള്ള ആർജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു.
പിണറായി വിജയനെ പി.ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രിയുടെ ആരോപണം.
നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് ഏത് കേസിലാണ് പ്രതി. സി.എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ല. ശിവശങ്കർ കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയുമായത് ആരുടെ ഭരണകാലത്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന് ഐ.എ.എസ് ലഭിക്കുന്നത് ആന്‍റണിയുടെ ഭരണകാലത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി.
പിണറായിയുടെ കടന്നാക്രമണത്തെ അതേ രീതിയിൽ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. നിയമസഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്നും ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണെന്നും ചെന്നിത്തല തിരിച്ചടിച്ചു.
പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ലാവലിൻ കേസ് എവിടെ തീർന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ലാവലിനിൽ പിണറായി ബി.ജെ.പിയുമായി അന്തർധാരയുണ്ടാക്കി. ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയത്. പിണറായി പ്രത്യേക ജനുസ് തന്നെയെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.